അഹമ്മദാബാദ്: കോണ്‍ഗ്രസ് ഓഫീസിലേക്ക് 400 കോടിയുടെ ഹവാല പണം എത്തിയ സംഭവത്തില്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഓഫീസിലേക്ക് ഇത്രയും തുക എത്തിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അഹമ്മദ് പട്ടേലിനെ വിശദമായി ചോദ്യം ചെയ്താല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഹമ്മദ് പട്ടേല്‍ ഇതില്‍ നിന്നും ഒഴിവാകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 14ന് പട്ടേല്‍ ഹാജരാകണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഫരീദാബാദിലെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ച് പട്ടേല്‍ അതില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു.
ഐടി നിയമത്തിലെ 131-ാം വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്. നിലവില്‍ എഐസിസിയുടെ ട്രെഷറര്‍ ആണ് അഹമ്മദ് പട്ടേല്‍. സ്റ്റര്‍ലിങ് ബയോടെക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉള്‍പ്പെട്ട 5,700 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഇത് കൂടാതെ യുപിഎയുടെ കാലഘട്ടത്തിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയിലും അഹമ്മദ് പട്ടേലിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇടപാട് നടത്തുന്നതിനായി മധ്യസ്ഥം നിന്ന ക്രിസ്ത്യന്‍ മിഷേലില്‍ നിന്ന് കണ്ടെടുത്ത ഒരു ഡയറിയില്‍ കരാര്‍ ഉറപ്പാക്കാന്‍ കൈക്കൂലി സ്വീകരിച്ചവരെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. ബജറ്റ് ചെലവ് ഇനങ്ങള്‍ എന്ന തലക്കെട്ടില്‍ എപി, എഫ്എഎം, പിഒഎല്‍, ബിയുആര്‍, ഡിജി എസിക്യു, എഎഫ് എന്നിങ്ങനെയാണ് പ്രതിപാദിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എപി എന്നത് അഹമ്മദ് പട്ടേല്‍ ആണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: