ബ്രിസ്ബേന്‍: വനിതകളുടെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വിന്‍ഡീസ് വനിതകളെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചു.
108 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 105 റണ്‍സിലൊതുക്കി നിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റിന് 107 റണ്‍സാണെടുത്തത്.
ജയം ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസിന് ആറാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് കുറിച്ച ബ്രിട്ട്നി കൂപ്പറെ ഇന്ത്യയുടെ ശിഖ പാണ്ഡെ പവിലിയനിലേക്ക് മടക്കി. പിന്നീട് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായതോടെ വിന്‍ഡീസിന്റെ പ്രതീക്ഷ തകര്‍ന്നു.
ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ദീപ്തി ശര്‍മയുടെ മികവിലാണ് 105 റണ്‍സ് എടുത്തത്. ശര്‍മ ഇരുപത്തിയൊന്ന് റണ്‍സോടെ ടോപ്പ് സ്കോററായി. വിന്‍ഡീസിനായി ഷാമില കോണലും അനീസ മുഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ പരിശീലന മത്സരം മഴമൂലം മുടങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ ശക്തരായ ഓസ്ട്രേലിയയെ നേരിടും.
മറ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്ക ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചു. ആതിഥേയരായ ഓസ്ട്രേലിയ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
ശ്രീലങ്ക പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 123 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 12.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ മറികടന്നു. ക്യാപ്റ്റന്‍ ചമിരി അട്ടപ്പട്ടു 78 റണ്‍സുമായും ഹസിനി മധുഷിക 29 റണ്‍സുമായും കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: