എട്ടു ദിക്കുകളുടെ ദേവതകളും മറ്റു ചില ദേവതകളും ചേര്‍ന്ന് ഭ്രൂണത്തെ ഉണ്ടാക്കിയശേഷം സൂഷാ എന്ന പ്രസവദേവതയുടെ സഹായത്താല്‍ ഗര്ഭപാത്രബന്ധനത്തെ നീക്കി പ്രസവം നടത്തുന്നു എന്നു പറയുന്നു.
പില്ക്കാലത്തെ പഞ്ചവായുസിദ്ധാന്തത്തിന്റെ തുടക്കവും ഇതില്‍കാണാം. പ്രാണന്, അപാനന്‍, വ്യാനന്‍, സമാനന്‍ എന്ന നാലു വായുക്കളെ പറയുന്നുണ്ട്. ഈ നാലുപ്രാണങ്ങളെ ഇവനില്‍ തുന്നിച്ചേര്‍ത്തത് ആരാണ്? ആരാണ് ഇവനെ നിയന്ത്രിക്കുന്നത്? എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നതുകാണാം (കോ അസ്മിന് പ്രാണം അവയത് കോ അപാനം വ്യാനം ഉ സമാനം അസ്മിന് കോ ദേവേധിശിശ്രായ പുരുഷേ അഥര്‍വവേദം 10. 2. 13). ഈ വേദത്തില്‍ തന്നെ മറ്റൊരിടത്ത് ഒമ്പതു പ്രാണന്മാരെ പറയുന്നുണ്ട് (നവ പ്രാണാന്‍ നവഭിസ്സമ്മിമീതേ). വേറൊരിടത്ത് ഏഴു പ്രാണന്മാരെ പരാമര്‍ശിക്കുന്നു
(അഥര്‍വവേദം 2. 12. 7). തൈത്തിരീയബ്രാഹ്മണവും (1. 2. 3. 3) സപ്തപ്രാണന്മാരെ പറയുന്നു. അഥര്‍വവേദത്തിലെ ഒരു മന്ത്രത്തില്‍ (15. 15.16. 17) ഏഴു തരം പ്രാണ, അപാനവ്യാനന്മാരെ വിവരിക്കുന്നു. ഏഴിന്ദ്രിയങ്ങളേയും പരാമര്‍ശിക്കുന്നു (10. 2. 6). മറ്റൊരു മന്ത്രത്തില്‍ (10. 8. 43) മൂന്നു ഗുണങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതും നവദ്വാരങ്ങളുള്ളതുമായ താമരയെ വര്‍ണ്ണിക്കുന്നു (പുണ്ഡരീകം നവദ്വാരം ത്രിഭിര്ഗുണേഭിരാവൃതം.
തസ്മിന് യദ്യക്ഷംആത്മന്വാദ് തദ്വൈ ബ്രഹ്മവിദോ വിദുഃ). ഈ പദങ്ങളും ആശയവും പില്‍ക്കാലസംസ്കൃതസാഹിത്യത്തില്‍ ഹൃദയവുമായി ബന്ധപ്പെടുത്തി ധാരാളം കാണാം. പില്‍ക്കാലസാംഖ്യത്തില്‍ വിശദമാക്കുന്ന ത്രിഗുണസിദ്ധാന്തത്തിന്റെ ആദ്യസൂചനയായി അതിലെ ഗുണകല്പനയെ കാണാം.
പ്രാണാദി വായുക്കളുടെ കര്‍മ്മവും സ്വഭാവവും കണ്ടെത്തുന്നതിന്റെ തുടക്കമേ അഥര്‍വവേദത്തില്‍ കാണുന്നുള്ളൂ.
പ്രാണനാണ് ജീവിതത്തിനടിസ്ഥാനം എന്നും അതിന് ക്ഷതം, ഭയം എന്നിവബാധിക്കുകയില്ല എന്നും കരുതിക്കാണുന്നു.
ഭൂമിയും ആകാശവും പോലെ, ദിനരാത്രങ്ങള്‍ പോലെ, സൂര്യചന്ദ്രന്മാരെപ്പോലെ, ബ്രാഹ്മണ, ക്ഷത്രിയന്മാരെപ്പോലെ, സത്യവും അസത്യവും പോലെ, ഭൂതവും ഭാവിയും പോലെ പ്രാണനും നിത്യമാണ് എന്നും കരുതിയിരുന്നു. മരണത്തില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനോടും അപാനനോടും പ്രാര്‍ത്ഥിക്കുന്നതും കാണാം (പ്രാണാപാനൗ മൃത്യോര്‍മാ പാതം സ്വാഹാ). തന്ത്ര, യോഗഗ്രന്ഥങ്ങളില്‍ കാണുന്ന ഇഡ, പിംഗളാ, സുഷുമ്നാ എന്നീ നാഡികളെയോ പ്രാണായാമത്തേയോ അഥര്‍വവേദത്തില്‍ പരാമര്‍ശിച്ചുകാണുന്നില്ല. മനസ്സും ചിത്തവും രണ്ടായി ഗണിച്ചിരിക്കുന്നു (3. 6. 8).
മനസ്സ് എന്നാല്അന്തഃകരണമാണെന്നും ചിത്തം എന്നാല്‍ മനോവൃത്തിവിശേഷമാണെന്നും (ചിന്താ)സായണന്‍ വ്യാഖ്യാനിക്കുന്നു. ഒരേ പോലെ ചിന്തിക്കുന്നവരെ കുറിക്കാന്‍ ചിത്തിനഃ എന്ന പദം ചിലേടത്തു (3. 13. 5) പ്രയോഗിച്ചു കാണുന്നു. ഹൃദയത്തെ ബോധത്തിന്റെ ഇരിപ്പിടമായി പറയുന്നു. ഒരു മന്ത്രത്തില്‍ (3. 26. 6)അല്ലയോ മിത്രാവരുണന്മാരെ ഈ സ്ത്രീയുടെ ഹൃദയത്തില്‍ (ഹൃത്) നിന്നും ചിത്തത്തെ (ചിന്താശേഷി) മാറ്റിയാലും, തീരുമാനത്തിലെത്താനുള്ള കഴിവിനെഇല്ലാതാക്കിയാലും, എന്റെ സ്വാധീനത്തിലാക്കിയാലും എന്നു പ്രാര്ത്ഥിക്കുന്നതു കാണാം.
ചരകസംഹിതാ മുതലായ പില്ക്കാലവൈദ്യഗ്രന്ഥങ്ങളില് പറയുന്ന ഓജസ്സിനെ അഥര്‍വവേദം (2. 18) പരാമര്‍ശിക്കുന്നുണ്ട്. അഗ്നിയാണ് ഓജസ്സ് എന്നും അതിനെ തനിക്കു നല്‍കണമെന്നും ഒരു പ്രാര്‍ത്ഥന കാണാം (ഓജോസി ഓജോ മേ ദാഃ സ്വാഹാ അഥര്‍വവേദം 2. 18. 1). ഓജസ്സ് ശരീരസ്ഥിതിക്കു കാരണമായ എട്ടാമത്തെ ധാതു ആണെന്നു സായണന്‍ വിശദമാക്കുന്നു.
ക്ഷേത്രജ്ഞസ്യ തദോജസ്തു കേവലാശ്രയഇഷ്യതേ. യഥാ സ്നേഹഃ പ്രദീപസ്യ യഥാഭ്രം അശനിത്വിഷഃ (എങ്ങിനെയാണോ ദീപം എണ്ണയേയും മിന്നല്‍ മേഘത്തേയും ആശ്രയിച്ചിരിക്കുന്നത് അതേ പോലെ ഓജസ്സ്ആത്മാവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു) എന്നു ആചാര്യന്മാര് പറഞ്ഞിരിക്കുന്നു എന്നും സായണന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: