ലോകത്തിലെ അതിശക്തമായ ഇന്ത്യന്‍സേനയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന സുപ്രീം കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ സേവിക്കുകയും അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ മാനബിന്ദുക്കളെ കാത്തുസംരക്ഷിക്കുകയും ചെയ്യുന്ന സേനകളില്‍ വനിതകള്‍ ഉണ്ടെങ്കിലും തന്ത്രപ്രധാനമായ വിഭാഗത്തില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികവും ശാരീരികവുമായ പ്രത്യേകതകള്‍ മൂലമാണ് അങ്ങനെയൊരു വേര്‍തിരിവുണ്ടായത്.
ചരിത്രപ്രധാനമായ വിധിയിലൂടെ സുപ്രീംകോടതി അത് എടുത്തു മാറ്റിയിരിക്കുകയാണ്. സേനയിലെ കമാന്‍ഡ് ചുമതലയിലും ഇനി വനിതകള്‍ക്ക് സേവനമനുഷ്ഠിക്കാം. പുരുഷന്മാര്‍ക്കു മാത്രം പറ്റുന്ന വിഭാഗത്തില്‍ വനിതകളും കൂടി എത്തുന്നതോടെ കരസേനയുടെ കരുത്ത് വര്‍ധിക്കുകയാണ്. ശാരീരിക അവസ്ഥകളെ തരണം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള പരിശീലനങ്ങളും മറ്റുമായി സേനാവിഭാഗത്തില്‍ തിളങ്ങാന്‍ അവര്‍ക്ക് അവസരം കൈവരുകയാണ്. നേരത്തെ ഗണതന്ത്രദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡ് ഓഫീസര്‍മാരായി വനിതകള്‍ തിളങ്ങിയത് ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്. സ്ത്രീ ശാക്തീകരണം അതിന്റെ യഥാര്‍ഥ രീതിയില്‍ സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കണമെന്ന് നിര്‍ബന്ധമുള്ള ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. ശക്തയായ ഒരു പ്രതിരോധ മന്ത്രിയെ ഉയര്‍ത്തിക്കാണിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. അതേ വനിത ഇപ്പോള്‍ ധനകാര്യ വകുപ്പ് പ്രശംസാര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു.
വനിതകളോട് ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവ് കൊണ്ടായിരുന്നില്ല ഇതുവരെയും തന്ത്രപ്രധാന രംഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് സേനാ വൃത്തങ്ങള്‍ പറയുന്നത്. വനിതകളെ അത്തരം രംഗങ്ങളിലേക്കു നിയോഗിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകയായിരുന്നു. 1992ല്‍ ആണ് സായുധ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നതു തന്നെ. ആരോഗ്യ-നിയമ വിഭാഗങ്ങളില്‍ നേരത്തെയുണ്ടെങ്കിലും ദീര്‍ഘകാല നിയമനം (പിസി) ഉണ്ടായിരുന്നില്ല. കമാന്‍ഡ് ചുമതലയുള്ള വനിതകള്‍ എത്തുമ്പോള്‍ കരസേനാ വിഭാഗത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇനിയുണ്ടാകാന്‍ പോകുന്നത് എന്നറിയാനിരിക്കുന്നതേയുള്ളൂ. ദീര്‍ഘവീക്ഷണം, സൂക്ഷ്മനിയന്ത്രണം, ക്ഷമ, പ്രായോഗിക ക്ഷമത തുടങ്ങി പുരുഷന്മാര്‍ക്കൊപ്പമോ ചിലപ്പോള്‍ ഒരു പടി മുന്നിലോ എത്താന്‍ വനിതകള്‍ക്ക് കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. ഒട്ടേറെ അവസരങ്ങളില്‍ രാജ്യം അതിന് സാക്ഷ്യം വഹിച്ചതുമാണ്.
ശാരീരിക കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ അബലകളായി ചിത്രീകരിക്കുന്നത് അവരുടെ മാത്രമല്ല, കരസേനയിലെ പുരുഷന്മാരുടെയും അന്തസ്സിനെ ഹനിക്കുന്ന നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിയും പുരുഷനും ചേരുമ്പോഴേ എന്തും പൂര്‍ണമാവൂ എന്ന ദര്‍ശനം പറയാതെ പറഞ്ഞു പോവുകയാണ് കോടതി. ഇന്ന് ഏത് മേഖലയിലും വനിതകള്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. പല ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ തലപ്പത്ത് കരുത്തുള്ള നേതൃത്വമായി വനിതകളാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്. കരസേനയിലും അങ്ങനെ കമാന്‍ഡ് ചുമതലയില്‍ വനിതകള്‍ എത്തുമ്പോള്‍ ഇന്ത്യയുടെ മാതൃശക്തിയെന്ന മഹിതപാരമ്പര്യത്തിന് കൂടുതല്‍ ശോഭ കൈവരികയാണ്. വ്യോമസേനയില്‍ ഇരുപതും നാവിക സേനയില്‍ പത്തൊമ്പതും കരസേനയില്‍ പതിനഞ്ചും ശതമാനമാണ് ഇപ്പോള്‍ വനിതാ പ്രാതിനിധ്യമുള്ളത്. കമാന്‍ഡ് വിഭാഗത്തിലേക്കു കൂടി വനിതകള്‍ എത്തുന്നതോടെ ഇതില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാവുക.
കമാന്‍ഡ് വിഭാഗത്തില്‍ വനിതകള്‍ എത്തിയാലും അവരെ കരസേനയുടെ പോരാട്ട യൂണിറ്റുകളില്‍ നിയമിക്കാന്‍ ഇടയില്ലെന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്. യുദ്ധമുള്‍പ്പെടെ നടക്കുമ്പോള്‍ ഏറ്റവും മുന്‍പന്തിയിലുള്ള യൂണിറ്റാവും അത്. അവിടെ അവരെ നിയോഗിക്കാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഒരുപക്ഷേ, അവിടെയും വനിതാസാന്നിധ്യം ഉണ്ടായിക്കൂടെന്നില്ല. എല്ലാ തരത്തിലും ചരിത്രം രചിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഇക്കാര്യത്തിലും അതിനു സാധിച്ചു എന്നത് സ്വാഗതാര്‍ഹം തന്നെ. ഒരു പ്രതിരോധ മന്ത്രിയിലൂടെ അതിന് തുടക്കമിട്ട സര്‍ക്കാരിന് ശേഷിച്ചതൊക്കെ നിസ്സാരം എന്നേ പറഞ്ഞുകൂടൂ. വനിതാ ശാക്തീകരണം സര്‍വമേഖലയിലും ഉയര്‍ന്നു പൊങ്ങുമ്പോള്‍ ഭാരതാംബയ്‌ക്ക് അതില്‍ കൂടുതല്‍ എന്തു വേണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: