സ്ഥലനാമത്തിനൊപ്പം സിനിമയിലറിയപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിലൊരാളായിരുന്നു അരവിന്ദനെന്ന മാള അരവിന്ദന്. നാടകങ്ങളില്‍ തബലിസ്റ്റായെത്തി പിന്നീട് അഭിനയരംഗത്തേയ്ക്ക് ചുവടു മാറുമ്പോഴും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹം പ്രത്യകം ശ്രദ്ധിച്ചിരുന്നു. സിനിമാ ലോകത്തെ വേറിട്ട അഭിനേതാവ്, അതായിരുന്നു മാള അരവിന്ദന്. മുള്ളാണി പപ്പനെ ഓര്‍ക്കാത്തവര്‍ ആരാണുളളത്? മീശമാധവനിലെ ഈ കഥാപാത്രത്തെ അനശ്വരമാക്കാന്‍ മാളയോളം പോന്ന മറ്റാരുമില്ലെന്ന് സംവിധായകനും മനസ്സിലുറപ്പിച്ചിരിക്കാം. വേറേയും നിരവധി കഥാപാത്രങ്ങള്‍ മാളയുടെ കൈകളില്‍ ഭദ്രം. ഇതിലുപരി സിനിമ ലോകത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു മാള. ഒരു വേള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോഴും തന്റെ കഴിവില്‍ മാള ഒട്ടും സങ്കോചപ്പെട്ടിരുന്നില്ല. സിനിമയില്‍ മാറ്റി നിര്‍ത്തിയാല്‍ നാടകം കൊണ്ട് താന്‍ ജീവിക്കുമെന്ന് പറയുമായിരുന്നു മാള. നാടകങ്ങളില്‍ നിന്ന് ഒഴിവാക്കിയാല്‍ താന്‍ തബല വായിച്ച് രക്ഷപ്പെടും. ഇനി അവിടെ നിന്നും ഒഴിവാക്കിയാല്‍ ഭാര്യയുടെ പഴയ വസ്ത്രം തലയില്‍ കെട്ടി തെരുവു നാടകത്തിനിറങ്ങുമെന്ന് പ്രതികരിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം. വേറിട്ട ഈ നടനെ മലയാളികള്‍ എന്നും മനസ്സില്‍ താലോലിക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: