ന്യൂദല്‍ഹി: കാശി-മഹാകാല്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ ഒരു ബര്‍ത്ത് ചെറിയ ശിവക്ഷേത്രമാക്കിയെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്. ഈ മാസം 20 മുതലാണ് മൂന്നാമത്തെ സ്വകാര്യ ട്രെയ്‌നായ മഹാകാല്‍ എക്‌സ്പ്രസ് ഓടിത്തുടങ്ങുക. ട്രെയ്‌നിന്റെ ഫഌഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചിരുന്നു. ഇതിനു ശേഷമാണ് ട്രെയ്‌നിലെ ഒരു ബര്‍ത്തില്‍ ശിവവിഗ്രഹം വച്ച് അലങ്കരിക്കുകയും ചില ഉദ്യോഗസ്ഥര്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്ന ചിത്രം ദേശീയ വാര്‍ത്ത ഏജന്‍സിയായ എന്‍എഐ ട്വീറ്റ് ചെയ്തത്. ട്രെയ്‌നില്‍ ചെറിയ ശിവക്ഷേത്രം ഒരുക്കി എന്നായിരുന്നു ട്വീറ്റ്. ഇതു വന്‍വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ ട്രെയ്ന്‍ ആയതിനാല്‍ പദ്ധതി വിജയിക്കാന്‍ വേണ്ടി ട്രെയ്‌നിലെ പാന്‍ട്രി ജീവനക്കാര്‍ നടത്തിയ പൂജ മാത്രമായിരുന്നു അതെന്ന് റെയ്ല്‍വേ വ്യക്തമാക്കി.
ട്രെയിനിലെ ബി 5 കോച്ചിലുള്ള 64ാം നമ്പര്‍ ബര്‍ത്താണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ശിവവിഗ്രഹം വച്ച് അലങ്കരിച്ചത്. ഇതില്‍ സ്ഥിരമായി ശിവന്റെ വിഗ്രഹം വച്ച് ചെറുക്ഷേത്രമായി പരിപാലിക്കാന്‍ ആലോചിക്കുകയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആയിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. വാര്‍ത്ത വന്നതോടെ നിജസ്ഥിതി അന്വേഷിക്കാതെ ഐഎഎംഐഎം നേതാവ് അസറുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ട്വീറ്റ് ചെയ്തായിരുന്നു ഒവൈസിയുടെ പ്രതികരണം. വാര്‍ത്ത വ്യാജമെന്ന് വ്യക്തമായതോടെ വിഷയത്തില്‍ ഒവൈസിയും ഇളിഭ്യനായി.
ഭഗവാന്‍ ശിവന് ബര്‍ത്തുണ്ടാവില്ല. ഫെബ്രുവരി 20 മുതലാണ് തീവണ്ടി യാത്ര ആരംഭിക്കുന്നത്. അന്ന് ഇത്തരം ബര്‍ത്ത് ഉണ്ടാകില്ലെന്നും, സാധാരണഗതിയില്‍ മാത്രമാണ് സര്‍വീസ് നടത്തുകയെന്നും ഐആര്‍സിടിസി അറിയിച്ചു. പുതിയ കാശി മഹാകല്‍ എക്‌സ്പ്രസായിരിക്കും ദീര്‍ഘദൂര യാത്ര ചെയ്യുന്ന ആദ്യത്തെ കോര്‍പ്പറേറ്റ് ട്രെയിന്‍. ഉയര്‍ന്ന നിലവാരമുള്ള വെജിറ്റേറിയന്‍ ഭക്ഷണം, ഓണ്‍ബോര്‍ഡ് ബെഡ്‌റോളുകള്‍, ഓണ്‍ബോര്‍ഡ് സുരക്ഷാ സേവനങ്ങള്‍ എന്നിവ നല്‍കുമെന്ന് ഐആര്‍സിടിസി അവകാശപ്പെടുന്നുണ്ട്. മൂന്ന് പ്രധാനശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീവണ്ടിയാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്. മൂന്ന് ജ്യോതിര്‍ലിംഗങ്ങളാണ് ഈ മൂന്ന് ക്ഷേത്രങ്ങളിലുമുള്ളത് എന്നാണ് വിശ്വാസം. ഇന്‍ഡോറിനടുത്തുള്ള ഓംകാരേശ്വര്‍, ഉജ്ജൈയ്‌നടുത്തുള്ള മഹാകാലേശ്വര്‍, വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം എന്നിവയാണ് ക്ഷേത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: