കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും പോലീസില്‍ ആയുധ മോഷണം. 2009ല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ഉഗ്രപ്രഹര ശേഷിയുള്ള 9 എംഎം വിഭാഗത്തില്‍പ്പെടുന്ന പിസ്റ്റള്‍ മോഷണം പോയത്.
പത്ത് വര്‍ഷം പിന്നിടുമ്പോഴും തോക്ക് കടത്തിയത് ആരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പോലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് നടപടി ഒതുക്കി.
വെടിയുണ്ടകള്‍ മോഷണം പോകുന്നത് സാധാരണ സംഭവമാണെന്നും തന്റെ കാലത്തും ഇത് സംഭവിച്ചിട്ടുണ്ടെന്നും നിസാരവല്‍ക്കരിച്ച കോടിയേരി ബാലകൃഷ്ണന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. ആഭ്യന്തര മന്ത്രി നേരിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തത്.
പോലീസിന് തോക്കുകളും തിരകളും നല്‍കുന്നത് കൃത്യമായ കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് പോലീസ് തോക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പരിശീലനത്തിനാണ്. പരിശീലനത്തിന് നല്‍കുന്ന തോക്ക്, തിരകള്‍, തിരികെ ലഭിച്ച തിരകള്‍, കാലികെയ്‌സുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കുകള്‍ സൂക്ഷിക്കുന്നത്. കണക്കുകളില്‍ വ്യത്യാസം ഉണ്ടായാല്‍ അത് കൃത്യമാകുന്നത് വരെ പരിശോധന നടത്തും. എണ്ണത്തില്‍ കുറവ് സംഭവിച്ചാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടിയിലെത്തിയായിരിക്കും കാര്യങ്ങള്‍ അവസാനിക്കുന്നത്.
ഐപിഎസ് ട്രെയിനികള്‍ എത്തുമ്പോള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ മറികടന്ന് കൂടുതല്‍ റൗണ്ട് തിരകള്‍ ഉപയോഗിക്കാറുള്ളത്. അധികമായി ഉപയോഗിക്കുന്ന തിരകളുടെ വിവരങ്ങള്‍ ഐപിഎസ് ട്രെയിനികള്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേകം രേഖപ്പെടുത്തും. തിരകളുടെ കണക്കെടുപ്പില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. അത് 50-100 എണ്ണത്തില്‍ കൂടാറില്ല. എന്നാല്‍ 12,000 എന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്നാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: