തിരുവനന്തപുരം: പോലീസിന്റെ പരിശീലനത്തിന് പുതുതായി രൂപപ്പെടുത്തിയ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റര്‍(ഐപിആര്‍ടിസി)ന്റെ പേരിലും അഴിമതി. ഇന്നലെ തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്ത ട്രെയിനിങ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച 3.5കോടി രൂപയില്‍ ആകെ വാങ്ങിയത് 650 കട്ടിലുകള്‍ മാത്രം.
ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ് അക്കാദമിയിലെ കെഎപി-ഒന്നാം ബറ്റാലിയന്റെ സ്ഥലം ഐപിആര്‍ടിസി സെന്ററിനായി നല്കി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായാണ് 3.5 കോടി അനുവദിച്ചത്. പരിശീലനത്തിനായി 750 ട്രെയിനികളും എത്തി. എന്നാല്‍ ശക്തന് തമ്പുരാന്റെ കാലത്ത് ആരംഭിച്ച പോലീസ് ബാരക്ക് കെട്ടിടത്തിലാണ് ട്രെയിനികളെ താമസിപ്പിച്ചിട്ടുള്ളത്. ഇടുങ്ങിയ മുറികളുള്ള കെട്ടിടത്തില്‍ ഫാന്‍പോലും ഇല്ല. കുറച്ച് ട്രെയിനികള്‍ക്ക് സമീപത്തെ എആര്‍ ക്യാമ്പിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഐപിആര്‍ടിസി സെന്ററിലേക്കായി ആകെ ചെയ്തത് റബ്കോയില്‍നിന്നും വനം വകുപ്പില്‍ നിന്നും 650 തടിക്കട്ടിലുകള്‍ വാങ്ങിയത് മാത്രമാണ്. ഇവ നിലവാരമില്ലാത്തവയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനം പോലും ഇല്ലാത്തതാണ് കെട്ടിടം. പുറത്തെ ഏതാനും ചില ശുചിമുറികള്‍ നന്നാക്കിയത് മാത്രമാണ് ഐപിആര്ടി സെന്ററിനായി നടത്തിയ അടിസ്ഥാന സൗകര്യം വികസനം. ട്രെയിനിങ്ങിനായി വരുന്ന പോലീസ് ട്രെയിനികളുടെ അടിസസ്ഥാന സൗകര്യം ഒരുക്കാന്‍ വേണ്ടി ഉള്ള ഫണ്ട് വകമാറ്റി അക്കാദമിയിലെ തിങ്ക് ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചു എന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: