ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരസംഘടനയുടെ മേധാവിയുമായ മസൂദ് അസറിനെ കാണാനില്ലെന്ന പാക്കിസ്ഥാന്റെ വാദങ്ങള്‍ വ്യാജം. പാക്കിസ്ഥാനിലെ മര്‍ക്കസ്- ഇ- ഉസ്മാന്- ഒ- അലിയിലുള്ള ഭവല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തി. ഇന്റലിജെന്‍സ് ബ്യൂറോയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
മസൂദ് അസറും കുടുംബവും കണ്ടെത്താനാവുന്നില്ലെന്നാണ് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. കാണാനില്ലാത്ത വ്യക്തിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പാക്കിസ്ഥാന് അറിയിച്ചത്. യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായിരുന്നു ഹമ്മാദ് അസറിന്റെ പ്രതികരണം.
എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട്. മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇന്റലിജെന്‍സ് അറിയിച്ചു. പാക് സൈന്യത്തിന്റേയും ഐഎസ്ഐയുടേയും പിന്തുണയില്‍ കനത്ത സുരക്ഷയിലാണ് മസൂദ് അസര്‍ കഴിയുന്നത്. ബോംബ് സ്ഫോടനങ്ങള്‍ക്കൊന്നും തകര്‍ക്കാന്‍ കഴിയാത്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിലാണ് മസൂദ് അസ്ഹര്‍ താമസിക്കുന്നത്.
മര്‍കസ് ഉസ്മാന് ഒ അലി എന്ന് വിളിക്കുന്ന ഇവിടം ജയ്ഷെ മുഹമ്മദിന്റെ പുതിയ ആസ്ഥാനമാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ വീട്ടിലും മസൂദ് അസര്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. ഇത് കൂടാതെ രണ്ട് ഒളിത്താവളങ്ങള്‍ കൂടി പാക്കിസ്ഥാനില്‍ത്തന്നെ മൗലാന മസൂദ് അസ്ഹറിനുണ്ട്.
പുല്‍വാമ ബോംബ് സ്ഫോടനത്തിന്റെ പുറകേ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മൊബൈല്‍ നമ്പറുകളില്‍ ഒരെണ്ണം, ഭവല്‍പൂരിലെ ഈ ഭീകര കേന്ദ്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. തുടര്‍ന്ന് ഭവല്‍പൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മസൂദ് അസറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്റലിജെന്‍സിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: