ന്യൂദല്‍ഹി: സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന 2010ലെ ദല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ മുഴുവന്‍ വനിതകള്‍ക്കും സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സൈന്യത്തില്‍ തുല്യത ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
കമാന്‍ഡിങ് പദവികളില്‍നിന്നു സ്ത്രീകളെ പൂര്‍ണമായി ഒഴിവാക്കുകയും അവരെ താഴെത്തട്ടിലുള്ള പദവികളില്‍ മാത്രം നിയമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീകളെ കമാന്‍ഡിങ് പദവികളിലേക്ക് പരിഗണിക്കണം. ശാരീരികമായ പരിമിതിയും സാമൂഹ്യ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. അവരുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് സൈന്യത്തെയും സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ലിംഗ വിവേചനം പാടില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് ന്യായീകരണമില്ല. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ലെന്ന് 2011 സപ്തംബര്‍ രണ്ടിന് തന്നെ വ്യക്തമാക്കിയതാണ്, കോടതി വിശദീകരിച്ചു.
സ്ത്രീകളുടെ ശാരീരികമായ പരിമിതി ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നത്. ശാരീരികക്ഷമത കുറവായതിനാല്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ മുന്നില്‍നിന്ന് നയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. വനിതാ ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ പുരുഷ ഉദ്യോഗസ്ഥര്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്ന വാദവും ഉയര്‍ന്നു. എന്നാല്‍, ഈ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുമെന്ന് 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എട്ടിലേറെ വിഭാഗങ്ങളില്‍ സ്ഥിരം കമ്മീഷന്‍ പരിഗണിക്കുമെന്ന് 2019 മാര്‍ച്ചില്‍ പ്രതിരോധ മന്ത്രാലയവും ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിക്ക് കോടതി അനുമതി നല്‍കിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, കോടതി ഇതെല്ലാം തള്ളിക്കളഞ്ഞു. സൈന്യത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ ലഭിക്കും, മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: