ദല്‍ഹി മുഖ്യന്ത്രിയായി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റു. തുടര്‍ച്ചയായി മുന്നാംതവണയാണ് കേജ്രിവാള് ദല്‍ഹി മുഖ്യമന്ത്രിയാകുന്നത്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം തേടുന്നുവെന്നുമാണ് ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് കേജ്രിവാള് പറഞ്ഞത്.
ഇരുപത് മിനിറ്റുനീണ്ട പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു വാചകങ്ങളായിരുന്നു ഇവ. ഏറെ കൗതുകത്തോടെയാണ് രാഷ്ട്രീയനിരീക്ഷകരും രാജ്യത്തെ സാധാരണ ജനങ്ങളും ഈ വാചകങ്ങള്‍ കേട്ടത്. അതിന് കാരണമുണ്ട്. തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരുമായി മറ്റ് കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഇടഞ്ഞു നില്ക്കുക എന്ന പതിവ് ശൈലിയില്‍ നിന്നു മാറി സഞ്ചരിക്കുകയാണ് കേജ്രിവാള്. തെരഞ്ഞെടുപ്പിലെ മത്സരം കഴിഞ്ഞാല്‍ അതുവരെയുള്ള എല്ലാ എതിര്‍പ്പുകളും രാഷ്ട്രീയവും മാറ്റിവച്ച് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തെ സ്വീകരിക്കുക എന്ന മാതൃകാപരമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാക്കളേയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും നിരത്തിനിര്‍ത്തി രാഷ്ട്രീയം കളിക്കാനും അദ്ദേഹം തുനിഞ്ഞില്ല.
ദല്‍ഹിയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മാത്രമല്ല കേജ്രിവാള് പറഞ്ഞത്. ദല്‍ഹിയെ മുന്നോട്ട് നയിക്കാന്‍ മോദിയുടെ അനുഗ്രഹം തേടുന്നു എന്നും പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചു എന്നും കൂടി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആശംസയര്‍പ്പിച്ച നരേന്ദ്ര മോദിക്ക് മറുപടിയായി കേജ്രിവാള് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇതാണ്: ‘പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് വളരെയധികം നന്ദി, താങ്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, താങ്കളുടെ തിരക്കുകള്‍ എനിക്ക് മനസിലാക്കാന്‍ കഴിയും. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നഗരമാക്കി ദല്‍ഹിയെ മാറ്റാം’. രാഷ്ട്രീയത്തിലുപരിയായി രാജ്യത്തെയും ജനതയെയും കണക്കിലെടുക്കാനുള്ള മനസ്സ് ദല്‍ഹി മുഖ്യമന്ത്രിക്കുണ്ടെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനെതിരെ തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ വിമര്‍ശനവും പഴിചാരലും നടത്തുന്നത് പതിവായി കാണുന്നവരാണ് നാം. രാഷ്ട്രീയ പരിഗണനകളൊന്നും കൂടാതെ കേന്ദ്രപദ്ധതികള്‍ അനുവദിക്കുന്നതിലും സഹായങ്ങള്‍ നല്‍കുന്നതിലും കേരളത്തോട് മറ്റെല്ലാ സംസ്ഥാനങ്ങളോടുമെന്ന പോലെ ഉദാരസമീപനം കൈക്കൊണ്ട കേന്ദ്രസര്‍ക്കാരിനെതിരെയാണ് കേരളത്തിലെ മുഖ്യമന്ത്രി നിരന്തരം വിദ്വേഷത്തിന്റെ ഭാഷ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ ഏതാനും മാസം അധികാരം കൈയാളിയ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനെതിരെ അനാവശ്യ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ സമീപനം കൈക്കൊള്ളാന്‍ കേജ്രിവാള് തയാറാകുന്നത് രാജ്യത്തിനും തലസ്ഥാനത്തെ ഭരണകൂടത്തിനും ഏറെ ഗുണകരമാകുമെന്ന സൂചനയാണ് നല്‍കുന്നത്.
എന്‍ഡിഎ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും നടത്തുന്ന ചെളിവാരിയെറിയലില്‍ കുറച്ചുകാലമായി കേജരിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമില്ല. 370-ാം വകുപ്പ് റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം പാസ്സാക്കല്‍ തുടങ്ങിയ സുപ്രധാനമായ വിഷയങ്ങളില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പിന്റെ കാര്യത്തിലെങ്കിലും ആ പാര്‍ട്ടിക്ക് ഈ നിലപാട് ഏറെ ഗുണം ചെയ്തു എന്നുവേണം കരുതാന്‍. മേല്പറഞ്ഞ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെയും ഇടത് പാര്‍ട്ടികളുടെയും നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണം എന്താണെന്ന് ദല്‍ഹി തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ വോട്ട് ശതമാനത്തില്‍ നിന്ന് വ്യക്തമാകും.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള തന്റെ പ്രസംഗത്തില്‍ കേജ്രിവാള് ദല്‍ഹിയിലെ പ്രതിപക്ഷ കക്ഷികളോടും ചില കാര്യങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നടന്നതെല്ലാം നമുക്ക് മറക്കാമെന്നും ദല്‍ഹിയുടെ വികസനത്തിനായി എല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യതലസ്ഥാനത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്ക് വഴിതുറക്കുന്നതാകട്ടെ ഈ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: