ഭാരതത്തിന്റെ വേദാന്ത സരോവരത്തില്‍ വിടര്‍ന്നു വിലസിയിട്ടുള്ള എണ്ണമറ്റ ചെന്താമര പോലെയാണു നമ്മുടെ ഋഷീശ്വരന്മാര്. അവര്‍ പരത്തിയ സുഗന്ധ സ്രോതസ്സാണ് ഭാരതഭൂമിയുടെ ആര്‍ഷസംസ്കാരം. അതാണ് ഭാരതത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുണ്യഭൂമിയാക്കി മാറ്റിയത.് അതു കൊണ്ടു തന്നെ ഇവിടെ വന്നു പിറക്കുന്ന ഏതു ജീവിയും ഓരോ നിലയിലും സുകൃതികളാണ്. അത്രത്തോളം മഹത്തരവും ഉദാത്തവുമാണ് ഈ പുണ്യഭൂമിയുടെ ആധ്യാത്മിക കേദാരം. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ജീവിച്ച നാടാണ് ഈ ആര്‍ഷഭൂമി. അഹിംസയുടെയും സഹിഷ്ണുതയുടെയും നിറസാന്നിധ്യമായ ഈ സംസ്കൃതഭാരതം ഋഷിവര്യന്മാര്‍ക്ക് ഉപരിയായി മറ്റനവധി മഹത്തുക്കള്‍ക്കു കൂടി ഈറ്റില്ലമൊരുക്കിയ പുണ്യസങ്കേതമാണ് . നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും പതിനെട്ടു പുരാണങ്ങളും ഗീതയും ഭാഗവതവും രാമായണമഹാഭാരതാദി ഇതിഹാസങ്ങളും മറ്റനവധി വൈജ്ഞാനിക ഗ്രന്ഥസമുച്ചയങ്ങളും അക്ഷയഖനിയായി ഭാരതത്തിന് മാത്രം കൈവന്നത് ഈശ്വരനിയോഗം കൊണ്ടു മാത്രം. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ ഭാരതഗാത്രത്തെ ഒരു മഹാവ്യാധിയായി ആക്രമിക്കപ്പെട്ടതിനു സമാനമായി മതവിഘടനവാദവും അഴുകിയ ജാതിവ്യവസ്ഥയും സ്വാര്‍ഥ ലാഭത്തിനായി എല്ലാം കൈയടക്കി വച്ച പൗരോഹിത്യത്തിന്റെ ഭീകരാവസ്ഥയും പതിനെട്ടാം നൂറ്റാണ്ടിന്റെ ശാപമായിരുന്നു. ഇരുളടഞ്ഞ ആകാലഘട്ടത്തില്‍ അന്ധവിശ്വാസത്തിന്റെ ഒരു കൊടുങ്കാറ്റു തന്നെ വീശിയടിച്ചു. എന്നാല്‍ പോലും പവിത്രമായ ഈ നാടിന്റെ ശ്രേയസ്സിന് ഒന്നും തന്നെ സംഭവിച്ചില്ല. കാരണം ഭാരത സംസ്കൃതിക്കു മാത്രം അവകാശപ്പെട്ടൊരു ആപ്തസന്ദേശമുണ്ട്. ‘എപ്പോഴെല്ലാം ധര്മത്തിന് ഹാനി സംഭവിക്കുന്നുവോ അപ്പോഴൊക്കെ അവയെ സംസ്ഥാപനം ചെയ്യാന്‍ ഞാനവതീര്‍ണനാകുന്നു.’ എന്നതാണ് ഈശ്വരതത്വം.
ആ സത്യ സാക്ഷാത്കാരമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണേശ്വരത്തെ ഒരു സാധുബ്രാഹ്മണകുടുംബത്തില്‍ തിരുവവതാരം ചെയ്ത ഗദാധരന് എന്ന ശ്രീരാമകൃഷ്ണദേവനും കല്‍ക്കട്ടയിലെ ഒരു സമുന്നത കുലത്തില്‍ പിറവിയെടുത്ത നരനെന്ന നരേന്ദ്രനും.
ജന്മനാ തന്നെ യോഗിയായിരുന്ന ഗദാധരന് ഭക്തനായിരുന്നു. നരേന്ദ്രനാകട്ടെ തികഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയും ഉറച്ച ആദര്‍ശവാദിയുമായിരുന്നു.
ഇവരുടെ സമാഗമവും അവതാരലക്ഷ്യവും വിഭിന്നമായിരുന്നില്ല. എങ്കില്‍ പോലും ഇവര്‍ക്കു മുന്‍പും ഇവര്‍ക്കു ശേഷവും ഇത്തരത്തിലൊരു അവതാരലക്ഷ്യം നടന്നിട്ടില്ലെന്നു ആധ്യാത്മിക ചരിത്രം പരിശോധിച്ചാലറിയാന്‍ കഴിയും. കാരണം ഗുരുവിന്റെ ജനനത്തിനു മുന്‍പു തന്നെ ശിഷ്യന്റെ ജന്മവും കണ്ടറിഞ്ഞ, അല്ല, ആത്മദര്‍ശനത്തിലൂടെ അനുഭവിച്ചറിഞ്ഞ വളരെ വിസ്മയാവഹമായ ഒരു സംഗതിയാണ് ആ ജനനരഹസ്യം. അതു ഗുരുവായ ശ്രീരാമകൃഷ്ണദേവന്റെ വാക്കുകളിലൂടെ നമുക്കു കേള്‍ക്കാം.
”ഒരു നാള് സമാധിയില്‍ എന്റെ മനംപ്രഭാപൂരിതമായ മാര്‍ഗത്തിലൂടെ ഉയര്‍ന്നങ്ങനെ പൊയ്ക്കൊണ്ടിരുന്നു. അതു വേഗം താരാപഥവും അതിക്രമിച്ചു അതിസൂക്ഷ്മമായ ആശയമണ്ഡലത്തിലെത്തി. അതു വീണ്ടും ഉത്തരോത്തരം ഉയര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. ഇരു വശങ്ങളിലും ദേവീദേവന്മാരുടെ മോഹനരൂപങ്ങള്‍ വിരാജിക്കുന്നതു കാണായി. നിത്യത്തെ ലീലയില്‍ നിന്നും വേര്‍തിരിക്കുന്ന ദീപ്തസീമയുടെ അതിര്‍ത്തിയില്‍ മനസ്സെത്തി. ആ അതിരും അതിക്രമിച്ച് മനം നിരുപാധികതയിലെത്തി. അവിടെ രൂപധാരികളായി ആരേയും കണ്ടില്ല. ദേവന്മാര്ക്കു പോലും ആ അത്യുച്ച സ്ഥാനത്തേക്ക് എത്തിനോക്കാനായില്ല. അതിനും വളരെ താഴെയേ അവര്‍ക്ക് പ്രവേശനമുള്ളൂ. അടുത്ത നിമിഷം അവിടെ ഏഴു ഋഷികള്‍ സമാധിയില്‍ മുഴുകിയിരിക്കുന്നത് ഞാന്‍ കണ്ടു. ഈ സപ്തര്‍ഷികള്‍ ജ്ഞാനത്തിലും പവിത്രതയിലും ത്യാഗത്തിലും പ്രേമത്തിലും മനുഷ്യരെ മാത്രമല്ല, ദേവന്മാരെയും അതിക്രമിച്ചിട്ടുണ്ടാകണം എന്നെനിക്കു തോന്നി. അവരുടെ മഹത്വത്തെക്കുറിച്ച് ആലോചിച്ച് വിസ്മയമാണ്ടു നില്ക്കുമ്പോള് ആ കേവല പ്രഭാതലത്തിന്റെ ഒരംശം ഒരു ദിവ്യശിശുവിന്റെ രൂപത്തില്‍ ഘനീഭവിക്കുന്നത് കാണുകയുണ്ടായി. ആ ശിശു സപ്ര്‍ഷികളില്‍ ഒരാളുടെ അടുത്തെത്തി തന്റെ ഓമല്‍കൈകള്‍ കൊണ്ട് സ്നേഹപൂര്‍വം അദ്ദേഹത്തിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു. എന്നിട്ടു തന്റെ മധുരമോഹനമായ സ്വരത്തില്‍ വിളിച്ച് അദ്ദേഹത്തെ സമാധിയില്‍ നിന്ന് ഉണര്‍ത്തുവാന്‍ ശ്രമിച്ചു. ആ മാന്ത്രികസ്പര്‍ശം മാമുനിയെ സമാധിയില്‍ നിന്നുണര്‍ത്തി. അദ്ദേഹം തന്റെ അര്‍ധനിമീലിതവും നിശ്ചലവുമായ ദൃഷ്ടി ആ അത്ഭുതശിശുവിന്റെ മേല്‍ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസന്നോദാരമായ മുഖത്തു നിന്നും ആ ശിശു തന്റെ ഹൃദയനിധിയാകുന്നു എന്ന് വ്യക്തമായിരുന്നു. അത്യാനന്ദത്തോടെ ആ ആശ്ചര്യ ശിശു അദ്ദേഹത്തോടു പറഞ്ഞു; ‘ഞാന്‍ താഴോട്ടു പോകുകയാണ്, അങ്ങും എന്റെ കൂടെ വരണം.’ മുനി മൗനം ദീക്ഷിച്ചതേയുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ സ്നിഗ്ധദൃഷ്ടി സമ്മതം സൂചിപ്പിച്ചു. ആ ശിശുവിന്റെ നേരെ നോക്കിയിരിക്കെ ഋഷി വീണ്ടും സമാധിയിലാണ്ടു. ഋഷിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഒരംശം ജ്യോതീ രൂപത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്നതു കണ്ട് ഞാന്‍ ആശ്ചര്യമാര്‍ന്നു. നരനെ കണ്ടമാത്രയില്‍ അവന് ആ ഋഷിയാണെന്ന് എനിക്ക് മനസ്സിലായി.”
ആ ശിശു താന്‍ തന്നെയാണെന്ന് പിന്നീട് ശ്രീരാമകൃഷണദേവന്‍ സമ്മതിക്കുകയുണ്ടായി.
8757942330
പ്രതികരിക്കാൻ ഇവിടെ എഴുതുക: