ചെറുതുരുത്തി (തൃശൂര്‍): ദേശമംഗലം കൊറ്റമ്പത്തൂര്‍ എച്ച്എന്‍എല്‍ തോട്ടത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് രണ്ടു വനപാലകര്‍ വെന്തുമരിച്ചു. പൂങ്ങോട്റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ദിവാകരന് (43), എന്‍എംആര്‍ വാച്ചര്‍ വേലായുധന് (55) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ എന്‍എംആര്‍ വാച്ചര്‍ ശങ്കരനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കാട് കത്തുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പതിനേഴു പേരടങ്ങുന്ന വനപാലകരും നാട്ടുകാരും ചേര്‍ന്ന് പല സംഘങ്ങളായി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ ഉണങ്ങിനിന്നിരുന്ന പുല്ലുകള്‍ക്ക് തീ പടര്‍ന്നതോടെ ദിവാകരനും വേലായുധനും ഉള്‍പ്പെട്ട സംഘം തീവലയത്തില്പ്പെടുകയായിരുന്നു.
നാല് വശത്തു നിന്നും തീപടര്ന്നതിനെതുടര്ന്ന് ഇരുവരും നിലത്തുവീണു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര് ഓടിമാറി. സംഭവം നടന്ന സ്ഥലത്തേക്ക് വാഹനസൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പ്രദേശമാകെ പുകയില്‍ മൂടിയതും അഗ്നിരക്ഷാസേനയ്ക്ക് തടസമായി.
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: