രാമകൃഷ്‌ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ
രാമതീര്‍ഥോളരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ
ആര്യസമാജസ്ഥാപകനും വൈദികധര്‍മപ്രചാരകനും ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി കത്തിയാവാഡിലെ( ഗുജറാത്ത്) മോര്‍ബി ഗ്രാമത്തില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ വിഗ്രഹാരാധനയെക്കുറിച്ച് എതിര്‍പ്പ് നാമ്പിട്ടിരുന്നു. അദ്ദേഹം സ്വഗൃഹമുപേക്ഷിച്ച് ബ്രഹ്മചര്യം സ്വീകരിക്കുകയും വര്‍ഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനില്‍ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു. പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാനപ്രചരണങ്ങളില്‍ മുഴുകി. ഹിന്ദുധര്‍മ ( സനാതനധര്‍മം) ത്തിന്റെ പരിഷ്‌കരണത്തില്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ആര്യധര്‍മതത്വങ്ങളെ സുബോധമായ ഭാഷാശൈലിയില്‍ പ്രതിപാദിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സത്യാര്‍ഥ പ്രകാശം രചിച്ചു. ശാസ്ത്രാര്‍ഥത്തില്‍ എതിരാളികളെ തോല്‍പിച്ചു കൊണ്ട് വൈദികമതത്തിന്റെ ശ്രേഷ്ഠതയെ പ്രതി
പാദിക്കുകയും ആര്യത്വത്തിന്റെയും സ്വദേശത്തിന്റെയും അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. യുഗാബ്ദം 4984 ല്‍ (1883) അജ്മീറില്‍ വച്ച് ദീപാവലി നാളില്‍ വിഷാഘാതമേറ്റ് അദ്ദേഹം മരിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക