ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,523 ആയി. രാജ്യത്താകെ 66,492 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 11,053 പേരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. ശനിയാഴ്ച മാത്രം 143 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 139 പേരും ഹുബയ് പ്രവിശ്യക്കാരാണ്.
മരണനിരക്ക് കഴിഞ്ഞ മൂന്ന് ദിവസത്തേതിലും കുറഞ്ഞു. 2,641 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,420 പേര്‍ ഹുബയ്‌യില്‍ നിന്നാണ്. ഇതില്‍ 1,923 പേരും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്. 2,277 പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങളുണ്ട്. ഇതുവരെ രോഗം ഭേദമായി 8,096 പേര്‍ ആശുപത്രി വിട്ടു.
നേരിയ രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കുമായി പുതിയ ഒമ്പത് മെഡിക്കല്‍ ഷെല്‍ട്ടറുകള്‍ തുറന്നന്നെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വാങ് ഹേഷെങ് പറഞ്ഞു. 25,033 ആരോഗ്യ വിദഗ്ധരെ ഹുബയ്‌യിലും 217 മെഡിക്കല്‍ സംഘത്തെ വിവിധ പ്രവിശ്യകളിലും ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ചതായും വാങ് അറിയിച്ചു.
കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞു വരികയാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. അതേസമയം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായത്തോടെ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു. ആശുപത്രികളും ചികിത്സാകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യത്തില്‍ സ്റ്റേഡിയങ്ങളടക്കം മെഡിക്കല്‍ ഷെല്‍ട്ടറുകളാക്കിയിരിക്കുകയാണ് ചൈന.
















