കണ്ണൂര്‍: വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയുടെ തുടക്കം തടഞ്ഞെന്ന രീതിയില്‍ പട്ടാളത്തിനെതിരെ വ്യാജ പ്രചരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ കണ്ണൂര്‍ ബര്‍ണ്ണശ്ശേരിയിലെ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് പട്ടാളത്തിന്റെ അധീനതയിലുള്ള അതീവ സുരക്ഷാമേഖലയില്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
സുരക്ഷാ പ്രാധാന്യമുള്ള ഇവിടെ സ്ഥിരമായി പോലീസ് കാവലുണ്ടാകാറുണ്ട്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനോ അനുവദിക്കാറില്ല. ഡിഎസ്‌സി സെന്ററിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ഇവിടെ റാലിയോ മറ്റ് പൊതുപരിപാടികളോ നടത്തുരുതെന്ന് കാണിച്ച് ആര്‍മി അധികൃതര്‍ നേരത്തെ തന്നെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതെല്ലാം മറികടന്ന് റാലിക്കെത്തിയവര്‍ ഇവിടെ തടിച്ച് കൂടിയതോടെയാണ് പിരിഞ്ഞുപോകാന്‍ പട്ടാളക്കാര്‍ ആവശ്യപ്പെട്ടത്.
സുരക്ഷാകാരണങ്ങളാല്‍ ആളുകള്‍ കേന്ദ്രീകരിക്കുന്നത് തടഞ്ഞെന്നാണ് പട്ടാള അധികൃതര്‍ നല്‍കിയ വിശദീകരണം. ഇത് സംബന്ധിച്ച് പോലീസിന് നേരത്തെ തന്നെ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, ഇതേ സ്ഥലത്ത് നിന്ന് റാലി ആരംഭിക്കാന്‍ പോലീസില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, പട്ടാളത്തിന്റെ അധീനതയിലുള്ള അതീവ സുരക്ഷാപ്രാധാന്യമുള്ള സ്ഥലത്ത് നിന്ന് റാലി ആരംഭിക്കാന്‍ പോലീസ് എങ്ങനെ അനുവാദം നല്‍കിയെന്നതിന് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല. പ്രകോപനമുണ്ടായിട്ടും സംയമനത്തോടെയാണ് പട്ടാളക്കാര്‍ വിഷയം കൈകാര്യം ചെയ്തത്. കൃത്യമായ മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ വ്യവസ്ഥകളും പാലിച്ച് നടപടി സ്വീകരിച്ചിട്ടും പട്ടാളത്തെ പഴിചാരാനാണ് ഇപ്പോഴത്തെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: