ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ശശി തരൂര്‍ എംപിക്ക് പിഴ ശിക്ഷ. പലതവണ ഉത്തരവിട്ടിട്ടും കോടതിയില്‍ ഹാജരാക്കത്തതിനെ തുടര്‍ന്നാണ് 5,000 രൂപ പിഴ അടയ്‌ക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിശാല്‍ പഹൂജയുടേതാണ് ഉത്തരവ്. മാര്‍ച്ച് 4ലെ വാദംകേള്‍ക്കലിന് നിര്‍ബന്ധമായും തരൂര്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ കേസിലാണ് ഉത്തരവ്. മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം. കേസില്‍ നേരത്തേ തരൂരിന് ജാമ്യം അനുവദിച്ചിരുന്നു. 2018 ഒക്ടോബറില്‍ ബംഗളൂരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്‌ക്കിടെയായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടതായാണ് തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ തരൂരിനെതിരെ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തരൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മോദിക്കെതിരെ നടത്തിയ ഇത്തരത്തിലൊരു പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ബാബര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ‘ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈ ഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ലെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: