കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിന് സമീപത്തെ മൈതാനത്ത് വെച്ചാണ് സംഭവം നടക്കുന്നത്. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ മാര്‍ച്ചാണ് തടഞ്ഞത്.
സെന്റ് മൈക്കിള്‍സ് സ്കൂളിന് പരിസരത്തുള്ള മൈതാനം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡിഎസ്സി)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പ്രകടനവുമായി എത്തിയതോടെയാണ് സൈന്യം മാര്‍ച്ച് തടഞ്ഞത്. ആയുധധാരികളായ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്. തുടര്‍ന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി.
അതേസമയം മുമ്പ് നഗരത്തിലേക്കുള്ള റാലികള്‍ പ്രദേശത്തു നിന്നും ആരംഭിച്ചിരുന്നു. ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുകയും അന്യര്‍ക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് എത്തിച്ചേര്‍ന്നതോടെ പട്ടാളം കര്‍ശനവിലക്കുമായി എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: