പൊന്‍കുന്നം: ജീപ്പിലും ആംബുലന്‍സിലുമായി പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ ചികിത്സ തേടിയുള്ള യാത്ര. ആശുപത്രിയില്‍ എത്തും മുമ്പേ ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം. ഗവിയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുവതി പ്രസവിച്ചത്.
പത്തനംതിട്ട ഗവി ഭാഗത്ത് താമസിക്കുന്ന കോട്ടയം ഷെഡ്ഡില്‍ രഞ്ജിത്തിന്റെ ഭാര്യ അമ്പിളി (20) ആണ് ആംബുലന്‍സില്‍ ആദ്യ പ്രസവത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗവിയിലെ കോട്ടയം ഷെഡ്ഡ് ഭാഗത്ത് ഏലത്തോട്ടത്തിലെ തൊഴിലാളികളാണിവര്‍. പ്രസവ ചികിത്സയ്ക്കായി അമ്പിളിയുമായി രഞ്ജിത്തിന്റെ അമ്മ രാജമ്മയും അടുത്ത ബന്ധുക്കളും ഗവിയില്‍ നിന്ന് ജീപ്പ് മാര്‍ഗം വണ്ടിപ്പെരിയാറിലെത്തി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പിഎച്ച്സിയില്‍ എത്തിയെങ്കിലും പരിമിത സൗകര്യം മാത്രമുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് 108 ആംബുലന്‍സില്‍ അയച്ചു. യാത്രാമധ്യേ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പെരുവന്താനം ചുഴുപ്പ് ഭാഗത്ത് വച്ചാണ് പ്രസവ ലക്ഷണം കണ്ടത്. പാതയോരത്ത് നിര്‍ത്തിയ ആംബുലന്‍സില്‍ പ്രസവിച്ചു. തുടര്‍ന്ന് അമ്പിളിക്ക് പെരുവന്താനം സിഎച്ച്സിയില് പ്രാഥമിക ചികിത്സ നല്കി.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്പിളിക്ക് ഡോ. ആര്. ഷീജയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ചികിത്സകള്‍ നല്കി. ആശുപത്രിയിലെ പ്രസവ സുരക്ഷ വാര്‍ഡില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആംബുലന്‍സിലെ മെയില്‍ നേഴ്സായ അശോകന് കൃഷ്ണന്‍കുട്ടിയാണ് ശുശ്രൂഷകള്‍ നല്‍കിയത്. ദല്‍ഹിലെ ആശുപത്രിയില്‍ നഴ്സായി പ്രവര്‍ത്തിച്ച അശോകന്റെ പരിചയം അമ്മയ്ക്കും കുഞ്ഞിനും ഏറെ തുണയായി. ആംബുലന്‍സ് ഡ്രൈവറായ രജീഷ് ഇവരെ മിന്നല്‍ വേഗത്തില്‍ സുരക്ഷിതമായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: