കൊച്ചി: മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്.
പാചക വാതക വില 144 രൂപ കൂട്ടി. അതിനൊപ്പം പാചക വാതക സബ്‌സിഡി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ വര്‍ധന ഏഴു രൂപ മാത്രമായി. 137 രൂപ കൂട്ടിയ സബ്‌സിഡിയായി അക്കൗണ്ടില്‍ മടക്കി ലഭിക്കും. ഇതുവരെ 154 രൂപ സബ്‌സിഡിയായിരുന്നത് ഇരട്ടിയോളമെത്തി 292 രൂപയാക്കി. ഇതു മറച്ചുവച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.
അതായത് കൂട്ടിയ വിലയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം 144 രൂപയില്‍ 137 രൂപയടക്കം 292 രൂപ സബ്‌സിഡിയായി മടക്കി നല്‍കുകയാണ് എണ്ണക്കമ്പനികള്‍.
തുക കൂട്ടാതിരുന്നാല്‍ പോരെ?
കൂട്ടിയ തുക സബ്‌സിഡിയായി തിരികെ നല്‍കുന്നുണ്ടെങ്കില്‍ കൂട്ടി വാങ്ങാതിരുന്നാല്‍ പോരേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:
പാചക വാതകത്തിന്റെ എന്നല്ല, ഏതു വസ്തുവിന്റെയും വിലകൂട്ടിയാല്‍ അത് എല്ലാ വിഭാഗത്തിനും ബാധകമാണ്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവര്‍ക്ക് അത് മടക്കി നല്‍കും. സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മടക്കി നല്‍കുകയുമില്ല. എല്ലാത്തിനും കൃത്യമായ രേഖകളും വേണം.
മുമ്പ് ഇത്തരം സബ്‌സിഡികള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നിരുന്നത്. ഇപ്പോള്‍ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതായി, ബിപിസിഎല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സബ്‌സിഡി അര്‍ഹതയുളള ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. അതു സംബന്ധിച്ച രേഖകളും മറ്റും പരിശോധിച്ച്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിലൂടെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി ഇപ്പോള്‍ ലഭിക്കുന്നത്. 2008ല്‍ നിലവില്‍വന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: