Categories: Kerala

ശബരിമലയിലും ഡിജിപിയുടെ കൊള്ള: വിഴുങ്ങിയത് ഒന്നരക്കോടി

ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിന്റെ മറവിലും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കൊള്ള. കെല്‍ട്രോണിന് അധികം നല്‍കിയത് ഒന്നരക്കോടി (150.12 ലക്ഷം) രൂപ. കമ്പോള വിലയുടെ മൂന്നിരട്ടിയാണെന്ന് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് ബോധ്യമായിട്ടും കെല്‍ട്രോണിന് കരാര്‍ നല്‍കിയെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

Published by

തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിന്റെ മറവിലും ഡിജിപി  ലോക്‌നാഥ് ബെഹ്‌റയുടെ കൊള്ള. കെല്‍ട്രോണിന് അധികം നല്‍കിയത് ഒന്നരക്കോടി (150.12 ലക്ഷം) രൂപ. കമ്പോള വിലയുടെ മൂന്നിരട്ടിയാണെന്ന് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് ബോധ്യമായിട്ടും കെല്‍ട്രോണിന് കരാര്‍ നല്‍കിയെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മള്‍ട്ടിസോണ്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ 19 എണ്ണത്തിന് കമ്പോള വില 57 ലക്ഷം മാത്രം. പക്ഷെ  കെല്‍ട്രോണിന് നല്‍കിയത് 122.84 ലക്ഷം (1.23 കോടി രൂപ) ഇതില്‍ മാത്രം അധികം നല്‍കിയത് 65.84 ലക്ഷം രൂപ. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ മൈന്‍ സ്വീപ്പര്‍ 10 എണ്ണത്തിന്റെ വില 30 ലക്ഷം. കെല്‍ട്രോണിന്  നല്‍കിയത് 39.79 ലക്ഷം നോണ്‍ ലീനിയര്‍ ജങ്ഷന്‍ ഡിറ്റക്ടര്‍ മൂന്ന് എണ്ണം യഥാര്‍ഥ വില 30 ലക്ഷം. കെല്‍ട്രോണില്‍ നിന്നും വാങ്ങിയത് 104.49 ലക്ഷം ( ഒരു കോടി നാലു ലക്ഷം) രൂപയ്‌ക്ക്. ഈ മൂന്ന് ഉപകരണങ്ങളില്‍ മാത്രം 150.12 ലക്ഷമാണ് കെല്‍ട്രോണിന് അധികം നല്‍കിയത്.  

2017 ജനുവരിയില്‍ ശബരിമലയിലേക്ക് 30 യൂണിറ്റ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനാണ് 11.36 കോടി അനുവദിച്ചത്. മെയ്മാസത്തില്‍ കരാര്‍ ക്ഷണിച്ചെങ്കിലും നാല് ഇനങ്ങള്‍ക്ക് കരാര്‍ എടുക്കാന്‍  ആളില്ലെന്ന് പറഞ്ഞ് കെല്‍ട്രോണിന് മൂന്നിരിട്ടി തുകയ്‌ക്ക് കരാര്‍ മറിച്ചുനല്‍കുകയായിരുന്നു. ഇതിനായി 30 യൂണിറ്റുകളുടെ വിലയും മൊത്തവിലയും ഉള്‍പ്പെടെ കെല്‍ട്രോണിനെ നേരത്തെ അറിയിച്ചു. അതിനുശേഷം കെല്‍ട്രോണില്‍ നിന്നും 28 ഇനങ്ങള്‍ക്ക് പോലീസ് തീരുമാനിച്ച വിലയുമായി പൊരുത്തപ്പെടുന്ന ടെക്‌നോ കൊമേഷ്യല്‍ ബിഡ്  8.23 കോടി രൂപ രേഖപ്പെടുത്തി നല്‍കി.  

തിരുവനന്തപുരം റേഞ്ച് ഐജി ചെയര്‍മാനായ അഞ്ചംഗ ടെക്‌നിക്കല്‍ കം ഫിനാന്‍ഷ്യല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി ഇത് പരിഗണിച്ചു. ഉപകരണങ്ങള്‍ നല്ലതാണെങ്കിലും ശരാശരി കമ്പോള വിലയേക്കാള്‍ മൂന്നിരട്ടിയാണ് കെല്‍ട്രോണ്‍ നല്‍കിയ ബിഡ് എന്ന് സൂചിപ്പിച്ച് 2017 ആഗസ്റ്റ് 22 ന്  റിപ്പോര്‍ട്ട് നല്‍കി.  

എന്നാല്‍ തങ്ങള്‍ നല്‍കിയത് ഉയര്‍ന്ന നിലവാരമുള്ളവയാണെന്നും പ്രശസ്ത നിര്‍മിതിയാണെന്നും ചില സാധനങ്ങളുടെ കുറഞ്ഞ വില മറ്റിനങ്ങളുടെ മാര്‍ജിനില്‍ കിഴിക്കാമെന്നും കെല്‍ട്രോണ്‍ വിശദീകരിച്ചു. ആ വിശദീകരണം അപ്പാടെ വിഴുങ്ങിയ ടെക്‌നിക്കല്‍ കമ്മിറ്റി മൂന്നിരട്ടി തുകയ്‌ക്ക് കെല്‍ട്രോണിന് കരാര്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ശബരിമല ഉത്സവ സീസണ്‍ അവസാനിക്കാറായപ്പോഴാണ് ഇവ നല്‍കിയതെന്നും  2.67 കോടിയും കെല്‍ട്രോണ്‍ കൈപ്പറ്റിയെന്നും സിഎജി കണ്ടെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by