ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി
ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്
വാക്പാണിപാദാ ഗുദമപ്യൂപസ്ഥം
കര്‍മ്മേന്ദ്രിയാണി പ്രവണാനി കര്‍മ്മസു.
കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക് എന്നിവ ശബ്ദം മുതലായ വിഷയങ്ങളെ അറിയാന്‍ സഹായിക്കുന്നതിനാല്‍ അവയെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു. വാക്ക്, കൈ, കാല്, വിസര്‍ജ്ജനേന്ദ്രിയം , ജനനേന്ദ്രിയം എന്നിവ കര്‍മ്മത്തെ ചെയ്യുന്നതിനാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു.
സ്ഥൂല ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെക്കുറിച്ച് പറയുകയാണ് ഇവിടെ. ഇവ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്.
‘ഇം പ്രതിദ്രവന്തി ഇതി ഇന്ദ്രിയാഃ ‘ വിഷയങ്ങളിലേക്ക് ഓടുന്നതിനാല്‍ ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. ആത്മാവായ ഇന്ദ്രനാല്‍ ചലിക്കപ്പെടുന്നവയെന്നും അര്‍ത്ഥമുണ്ട്.
ദശേന്ദ്രിയങ്ങളെ പഞ്ചജ്ഞാനേന്ദ്രിയങ്ങളെന്നും പഞ്ചകര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
ലോകത്തെ അറിവുകളെ നമ്മിലേക്ക് വിവിധ വിഷയങ്ങളുടെ രൂപത്തില്‍ എത്തിക്കുന്ന ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് വിളിക്കുന്നു.
ശബ്ദം കേള്‍ക്കാന്‍ കാത്, സ്പര്‍ശം അറിയാന്‍ തൊലി, രൂപം കാണാന്‍ കണ്ണ്, രസം നുകരാന്‍ നാവ്, മണം പിടിക്കാന്‍ മൂക്ക് എന്നിങ്ങനെ. ശ്രോത്രം, ത്വക്ക്, ചക്ഷുസ്, രസനാ, ഘ്രാണം എന്നാണ് യഥാര്‍ത്ഥ പേരുകള്‍.അങ്ങനെ പറയാന്‍ കാരണം നമ്മള്‍ ശരീരത്തിന് പുറത്ത് കാണുന്ന ചെവിയോ തൊലിയോ കണ്ണോ,നാക്കോ, മൂക്കോ അല്ല അവയ്‌ക്കുള്ളിലാണ് ഓരോ വിഷയത്തേയും അറിയാനുള്ള ശേഷിയുള്ളത്. അത് തികച്ചും വളരെ സൂക്ഷ്മമാണ്.
ബാഹ്യവിഷയങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കവാടങ്ങളെയാണ് ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നത്. അതിനാല്‍ അവയ്‌ക്ക് ഇന്ദ്രിയ ദ്വാരങ്ങള്‍ എന്നാണ് പേര്.
നേടിയ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളവയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.വാക്ക്, പാണി, പാദം, ഗുദം, ഉപസ്ഥം എന്നിവയാണത്.സംസാരിക്കാന്‍ നാവ്. വാഗിന്ദ്രിയം എന്ന് വിളിക്കും. ജിഹ്വാ എന്നും പറയാറുണ്ട്.
എടുക്കാനും പിടിക്കാനുമൊക്കെ രണ്ട് കൈകള്‍ പാണി. നടക്കാനും ഓടാനും ചാടാനുമൊക്കെയായി രണ്ട് കാലുകള്‍ പാദം.
ശരീരത്തിനുള്ളിലെ അഴുക്കിനെ പുറത്തു കളയാനായി, മലം,മൂത്രം തുടങ്ങിയവയെ വിസര്‍ജ്ജിക്കാനായി വിസര്‍ജ്ജനേന്ദ്രിയം മലദ്വാരം മൂത്രനാളിയേയും ഉള്‍പ്പെടുത്താം. ഗുദം, പായു എന്നും വിളിക്കും.
ആനന്ദത്തിനും സ്ത്രീ പുരുഷ സംഗമത്തിനും സന്താനോല്പാദനത്തിനുമായി ജനനേന്ദ്രിയം അഥവാ ഉപസ്ഥം എന്നിങ്ങനെയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.
കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുമായും അവയുടെ തന്മാത്രകളുമായും ബന്ധപ്പെട്ടിരിക്കുന്നു. പോരാത്തതിന് ഇവ രണ്ടിനും പരസ്പര ബന്ധമുണ്ടെന്നും പറയാം.
ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അറിയാന്‍ കാത്.ശബ്ദം വേണ്ടതു പോലെ പുറപ്പെടുവിക്കാന്‍ അഥവാ സംസാരിക്കാന്‍ വാഗിന്ദ്രിയം.വായുവിന്റെ ഗുണമായ സ്പര്‍ശത്തെ അറിയാന്‍ തൊലി. നമുക്ക് തൊട്ട് അറിയാന്‍ കൈകള്‍.
അഗ്നിയുടെ ഗുണമായ രൂപത്തെ അറിയാന്‍ കണ്ണ്. കാഴ്ചയ്‌ക്കനുസരിച്ച് നല്ലപോലെ നടക്കാന്‍ രണ്ട് കാലുകള്‍. അഗ്നിയുടെ ചൂടു തത്ത്വം ഓരോ കാലടിയിലും ഉണ്ടാകും.
ജലത്തിന്റെ ഗുണമായ രസത്തെ അറിയാന്‍ രസന അഥവാ നാവ്. ഏതു നേരവും നാവ് വെള്ളത്തില്‍ കിടക്കുന്നു നനഞ്ഞിരുന്നു. രേതസ്സ്, ബീജം മുതലായവയും ജലമയമായാണ് ഇവ ജനനേന്ദ്രിയമുമായി ബന്ധപ്പെട്ടിരിക്കുന്നു.
പൃഥ്വിയുടെ ഗുണമായ ഗന്ധത്തെ അറിയാന്‍ മൂക്ക്. പൃഥ്വിയുടെ സ്ഥൂലത പോലെയുള്ള മലവും മറ്റും. മലമൂത്രാദികള്‍ ദുര്‍ഗന്ധം കൊണ്ടാണ് തിരിച്ചറിയുന്നത് എന്നതും പ്രത്യേകതയാണ്. ഇവയെ ഭൂമിയിലേക്കാണ് വിസര്‍ജ്ജിക്കുന്നതും.
കര്‍മ്മേന്ദ്രിയങ്ങളുമായുള്ള ബന്ധം പറയുന്നിടത്ത് ക്രമത്തില്‍ മാറ്റം വരുന്നത് ശരിയല്ല എന്ന പക്ഷക്കാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ മലവും മൂത്രവുമൊക്കെ ജലമയമായതിനാല്‍ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സ്ഥൂലരൂപത്തിന്, ഗര്‍ഭസ്ഥ ശിശുവിന് കാരണമാകുന്നതിനാല്‍ അതിനെ പൃഥ്വീ തത്വമെന്ന് പറയാം. സ്ഥൂല ശരീരത്തിന്റെ പ്രത്യേകത തന്നെ അതിന്റെ സ്ഥൂലതയാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക