ആപ്തന്‍ (വിശ്വാസയോഗ്യന്‍) അരുളിയതുകൊണ്ടാണ് വേദത്തിനു പ്രാമാണ്യം കൈവന്നത് എന്നു ജയന്തഭട്ടന്‍ തന്റെ ന്യായമഞ്ജരിയില്‍ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കാന്‍ ഉദാഹരണമായി ആയുര്‍വേദത്തിന്റെ ആധികാരികതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആപ്തന്മാര്‍ എഴുതിയവയാണ് ആയുര്‍വേദഗ്രന്ഥങ്ങള്‍ എന്നതുകൊണ്ടാണ് ആയുര്‍വേദത്തിനു പ്രാമാണ്യം വന്നത് എന്നതാണ് ജയന്തഭട്ടന്റെ നിലപാട് (യതോ യത്ര ആപ്തവാദത്വം തത്ര പ്രാമാണ്യം ഇതി വ്യാപ്തിര്ഗൃഹ്യതേ). ആയുര്‍വേദവിധികളെ അനുഭവം കൊണ്ടു തെളിയിക്കാവുന്നതിനാലാണ് അതിന്റെ പ്രാമാണ്യം ആപ്തന്മാരുടെ സൃഷ്ടിയായതിനാലല്ല (നന്വായുര്വേദാദൗ പ്രാമാണ്യം പ്രത്യക്ഷാദി സംവാദാല് പ്രതിപന്നം ന ആപ്തപ്രാമാണ്യാല്) എന്ന പൂര്വപക്ഷവാദത്തിനു മറുപടിയായി അവ രണ്ടും ആയുര്വേദപ്രാമാണ്യത്തിനു കാരണങ്ങളാണ് എന്നു ജയന്തന് പറയുന്നു. അന്വയ (Agreement), വ്യതിരേക (Disagreement) ങ്ങളിലൂടെ, അതായത് യുക്തിയുക്തമായ, ശാസ്ത്രീയമായപരീക്ഷണനിരീക്ഷണവഴിയിലൂടെ എത്തിച്ചേര്‍ന്നതാണ് ആയുര്‍വേദത്തിലെ നിഗമനങ്ങള്‍ എന്നു പൂര്‍ണമായും ജയന്തഭട്ടന്‍ സമ്മതിക്കുന്നില്ല.
പില്ക്കാലത്തെ പല വൈദികപണ്ഡിതരുടെയും നിലപാട് ഇത്തരത്തില്‍ വേദത്തിന്റെ സ്വതഃപ്രമാണമെന്ന മീമാംസാവീക്ഷണത്തെ പിന്‍പറ്റിയായിരുന്നു. വേദവാക്യങ്ങള്ക്ക് അപ്രമാദിത്വവും (തെറ്റുപറ്റായ്മ) അതിനാല്‍ അപരീക്ഷിതവ്യത്വവും (പരീക്ഷണവിധേയമാക്കാതിരിക്കല്) മീമാംസകര്‍ ശഠിക്കുന്നു. മീമാംസകര്‍ വേദങ്ങള്‍ അനാദിയാണെന്നും അവയ്ക്ക് മറ്റുള്ളവയെപ്പോലെ ഒരു കര്‍ത്താവില്ലെന്നും കരുതുന്നു. നൈയായികര്‍ വേദങ്ങള്‍ ഈശ്വരനിര്മ്മിതങ്ങളാണെന്നു കരുതുന്നു. രണ്ടുകൂട്ടര്‍ക്കും വേദങ്ങള്‍ വിമര്ശനാതീതങ്ങളാണ്. യുക്തിക്കും അനുഭവത്തിനും പ്രാമാണ്യം കുറയുകയും അവയുടെ സ്ഥാനം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിനു കൈവരുകയും ചെയ്ത കാലഘട്ടത്തിലാണ് ഈ കാഴ്ചപ്പാട് വൈദികഗോത്രങ്ങളിലെ സാധാരണക്കാരെപ്പോലെ ചില പണ്ഡിതന്മാരെയും സ്വാധീനിച്ചത്. ചില ഗ്രന്ഥപരാമര്‍ശങ്ങള്‍ പ്രകാരം നാലാമത്തെ വേദമായി കരുതുന്ന അഥര്‍വവേദം പ്രധാനമായും ഔഷധങ്ങള്‍, മന്ത്രപ്രയോഗങ്ങള്‍ എന്നിവയെയാണ്വി വരിക്കുന്നത്. ബൃഹദാരണ്യകം (2. 4. 10) അനുസരിച്ച് വേദങ്ങള്‍ നാലാണ് (അസ്യ മഹതോ ഭൂതസ്യ നിശ്വസിതം ഏതത് ഋഗ്വേദോ യജുര്വേദഃസാമവേദോഥര്വാംഗിരസഃ). എന്നാല്‍ തൈത്തിരീയബ്രാഹ്മണത്തില്‍ (1. 2. 1. 26) ആദ്യത്തെ മൂന്നെണ്ണത്തെ മാത്രമേ വേദങ്ങളായി പറയുന്നുള്ളു (യം ഋഷയസ്ത്രയീവിദോ വിദുഃ ഋചസ്സാമാനി യജൂംഷി). വേദത്തിനു ഭാഷ്യം രചിച്ച സായണാചാര്യരാവട്ടെ ഭശേഷേ യജു ശ്ശബ്ദാഃഭ എന്ന മീമാംസാസൂത്രം (2. 1. 37) ഉദ്ധരിച്ചുകൊണ്ട് ഋക്കും സാമവും അല്ലാത്തവയെല്ലാം യജുസ്സില്‍ പെടുന്നു എന്നു പറഞ്ഞിരിക്കുന്നു (സായണാചാര്യര്‍ അഥര്വവേദത്തിനെഴുതിയ ഉപോദ്ഘാതം, പുറം 4, ബോംബേ എഡിഷന്, 1895). ഈ വ്യാഖ്യാനമനുസരിച്ച് അഥര്‍വവേദം യജുര്‍വേദത്തില്‍ പെടുന്നു. ആകെ മൂന്നു വേദങ്ങള്‍ എന്ന ചൊല്ലു ശരിയാകുകയും ചെയ്യുന്നു. വേദാസ്ത്രയസ്ത്രയീ എന്നാണ് അമരകോശത്തിലും പറയുന്നത്. ഈ അഥര്‍വവേദത്തെ ഗോപഥബ്രാഹ്മണത്തില്‍ (2. 16) ബ്രഹ്മവേദം എന്നു വിളിക്കുന്നു. ഇതിന് രണ്ടു കാരണങ്ങളാണ് അതില്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രഹ്മാവിന്റെ കഠിനതപസ്സിലൂടെ ഉണ്ടായതാണ് എന്നതാണ് ഒന്ന്. അഥര്വവേദമന്ത്രങ്ങളെല്ലാം തന്നെ ഔഷധ (ഭേഷജം) ങ്ങളാണ്; ഭേഷജങ്ങള്‍ അമൃതങ്ങളാണ്; അമൃതങ്ങളാകട്ടെ ബ്രഹ്മവുമാണ് (യേ അഥര്വാണസ്തദ്ഭേഷജം. യദ്ഭേഷജം തദമൃതം. യദമൃതം തദ്ബ്രഹ്മ). ഇതാണ് ഗോപഥബ്രാഹ്മണത്തില്‍ (3. 4) പറയുന്ന രണ്ടാമത്തെ കാരണം. ന്യായമഞ്ജരിയിലെ അഭിപ്രായവും കാണുക..
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: