ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുൻ വില്ലേജ് ഓഫീസർ ആന്റണിയെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. മുൻ സിഐടിയു നേതാവ് ലൂക്ക ജോസഫാണ് തണ്ടപ്പേർ തിരുത്തി ഭൂമി തട്ടിയെടുത്തത്. ലൂക്ക ജോസഫിന് വേണ്ടി മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചതും, കരമടച്ച് നൽകിയതും ആന്റണിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ചൊവ്വാഴ്ചയ്ക്കകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തണ്ടപ്പേർ റദ്ദാക്കുമെന്ന് ലൂക്ക ജോസഫിന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൂക്ക ജോസഫിന്റെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി കിട്ടാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര് ഇയാൾ തട്ടിയെടുത്തത്. ലൂക്കയുടെ കെട്ടിടം പുറമ്പോക്ക് ഭൂമിയിലെന്ന പരാതിയിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് ജില്ലാകളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ താൻ നിരപരാധിയാണെന്നും വില്ലേജ് ഓഫീസിന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ലൂക ജോസഫിന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: