മട്ടാഞ്ചേരി: ചൈനീസ് മീന്‍പിടിത്ത കപ്പല്‍, ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു. ഫൂ യൂവാന്‍ യൂ 7671 എന്ന കപ്പലാണ് തമിഴ്നാട് രാമനാഥപുരം പി.വി. നയരശ്ശേന്റെ യഹോവ ബോട്ട് ഇടിച്ച് തകര്‍ത്തത്. ബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ബോട്ടിലുള്ള പത്ത് തൊഴിലാളികളും സുരക്ഷിതരാണ്. കൊച്ചി തീരദേശ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
കപ്പല്‍ കണ്ടെത്താന്‍ തീരദേശസേനയും ശ്രമങ്ങള്‍ തുടങ്ങി. ജനുവരി 30ന് കൊച്ചി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതാണ് ബോട്ട്. കൊച്ചിക്ക് പടിഞ്ഞാറ് 353 നോട്ടിക്കല്‍ മൈല്‍ ദൂരെ ഫെബ്രുവരി അഞ്ചിന് രാത്രി ഒരു മണിക്കാണ് അപകടം. സംഭവ ശേഷം കപ്പല്‍ നിര്‍ത്താതെ പോയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
നാഗപട്ടണം സ്വദേശികളായ മുത്തു (35), മദിവരന് (25), കനകരാജ് (52), ഗണേശന് (38), ഗുനല്‍ (21), വിഷ്ണു (20), കാന്തന് (40), ഗൗരി രാജന് (20), തങ്കച്ചിമഠം സ്വദേശികളായ ഡേവിഡ് (46), പൂന്തി രാജ് (46) എന്നിവരാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നത്. നങ്കുരമിട്ട് വിശ്രമിക്കുന്ന ബോട്ടിലാണ് യാതൊരുവിധ മുന്നറിയിപ്പുകളോ സൈറണോ മുഴക്കാതെയെത്തിയ കപ്പല്‍ ഇടിച്ചത്. അപകടസമയത്ത് തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു.
ശബ്ദം കെട്ടുണര്ന്നപ്പോഴാണ് ബോട്ട് തകര്‍ത്ത് കപ്പല്‍ കടന്നുപോകുന്നത് കണ്ടതെന്ന് തൊഴിലാളി മുത്തു പറഞ്ഞു. ആഘാതത്തില്‍ ബോട്ട് ചരിഞ്ഞതോടെ തൊഴിലാളി മദിവരന് തെറിച്ച് കടലില്‍ വീണെങ്കിലും നീന്തി ബോട്ടില്‍ കയറി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: