ഗോഹട്ടി: സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ടെന്നും തീരുമാനിച്ച് അസമിലെ ബിജെപി സര്‍ക്കാര്‍. തീരുമാനത്തിന്റെ ഭാഗമായി മദ്രസകള്‍ക്കും സംസ്കൃതപഠന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ നല്കി വന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് 614 മദ്രസകള്‍ക്കും 101 സംസ്കൃതപഠന കേന്ദ്രങ്ങള്‍ക്കും ഇനി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയുണ്ടാകില്ല. ഒരു മതേതരരാജ്യത്ത് അറബി പഠിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസ്സകളില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കാന്‍ സര്‍ക്കാരിന് ഫണ്ട് ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രസകളിലെ അധ്യാപകര്‍ ജോലിയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും വീട്ടിലിരുന്നാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. റിട്ടയര്‍മെന്റ് കാലം വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വര്‍ഷത്തില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ മദ്രസകള്‍ക്കായി ചെലവിടുന്നത്. സംസ്കൃത സ്കൂളുകള്‍ക്കായി 1 കോടി രൂപയും ചെലവാക്കുന്നു. ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെച്ചെന്ന ആരോപണം വരാതിരിക്കാനാണ് സംസ്കൃത വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. സ്വകാര്യ മദ്രസകള്‍ക്കും സംസ്കൃത വിദ്യാലയങ്ങള്‍ക്കും തുടരാമെന്നും മന്ത്രി. പൊതുപ്പണം മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഈ നടപടിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: