ഇടതുപാര്‍ട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും യഥാക്രമം 0.03 ശതമാനവും 0.01 ശതമാനവും വോട്ടുമാത്രം ലഭിച്ചതില്‍ അതിശയോക്തിയില്ല. ഇതിനെക്കാള്‍ വോട്ട് ജനങ്ങള്‍ ‘നോട്ട’ക്ക് നല്കി. ആര്‍ക്കും വേണ്ടാത്തവരാണ് ഈ പാര്ട്ടികളെന്നര്ത്ഥം. എന്നിട്ടും കോണ്‍ഗ്രസ്സിനൊപ്പം ആഹ്ലാദിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി! സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ സന്തോഷിക്കുന്ന രാഷ്ട്രീയ ജീവികളെ മറ്റൊരിടത്തും കാണാനാവില്ല. ബിജെപിയെ ഒറ്റപ്പെടുത്താനെന്ന മറപിടിച്ചാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയത്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയവും, ബിജെപിക്ക് കനത്ത പരാജയവും പ്രവചിച്ച അഭിപ്രായ സര്‍വെകള്‍ പുറത്തുവന്നപ്പോള്‍ അതില്‍ സന്തോഷിച്ച് നിശ്ശബ്ദത പാലിച്ച പല മാധ്യമങ്ങളും, ബിജെപി 26 സീറ്റുവരെ നേടാമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ അമര്‍ഷം കൊണ്ടു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബിജെപി വോട്ടിങ്യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് പോളിംഗ് ശതമാനം പുറത്തുവിടാന്‍ വൈകുന്നത് ഇതുകൊണ്ടാണെന്നും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ബഹളംവച്ചു. കൃത്രിമം തടയാന്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ്റൂമുകള്‍ക്ക് പുറത്ത് ആം ആദ്മി പാര്ട്ടിക്കാര് കാവല്‍നിന്നു. രേഖപ്പെടുത്തിയ വോട്ടുകളില്‍ കൃത്രിമം കാണിക്കുന്നതിനായി വോട്ടിങ് മെഷീനുകളില്‍ രഹസ്യമായി മാറ്റുന്നതിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടു!
രണ്ട് ദിവസം ഇങ്ങനെ കോലാഹലമുയര്ത്തിയവര് മൂന്നാം ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും, അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തപ്പോള്‍ നിശ്ശബ്ദരായി. ജയിച്ചത് ബിജെപിയായിരുന്നെങ്കില്‍ ജനവിധി അംഗീകരിക്കാതെ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതാണെന്ന കുപ്രചരണം പതിന്മടങ്ങ് ശക്തിയോടെ പ്രതിപക്ഷം ആവര്‍ത്തിക്കുമായിരുന്നു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതുമുതല്‍ ബിജെപി വിരുദ്ധര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പിന്തുടരുന്ന അധാര്‍മിക രാഷ്ട്രീയമാണിത്.
തെരഞ്ഞെടുപ്പുകളിലെ വിജയം വിജയവും, പരാജയം പരാജയവുമാണ്. വിജയികള്‍ക്ക് ആഘോഷിക്കാന്‍ അവകാശമുണ്ട്. പരാജയപ്പെട്ടവര്‍ക്ക് ആത്മപരിശോധന നടത്താനുള്ള അവസരമാണ്. തീര്‍ച്ചയായും ദല്‍ഹിയില്‍ തിളക്കമുള്ള വിജയമാണ് എഎപി നേടിയിരിക്കുന്നത്. സീറ്റും വോട്ടും വര്‍ധിച്ചുവെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എട്ട് സീറ്റും 40 ശതമാനം വോട്ടും പാര്‍ട്ടിയുടെ ജനകീയാടിത്തറ ഇപ്പോഴും ശക്തമാണെന്ന് തെളിയിക്കുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് അല്പംപോലും വൈകാതെ പ്രധാനമന്ത്രി മോദിതന്നെ ഹാട്രിക് വിജയം നേടിയതിന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിക്കുകയും, ഒരു നിമിഷംപോലും കളയാതെ കേജ്രിവാള് അതിന് നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭരണ-പ്രതിപക്ഷ കക്ഷികളായ എഎപിക്കും ബിജെപിക്കുമപ്പുറം വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത പരാജയത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വിജയം ആഘോഷിക്കുന്നു എന്നത് വിചിത്രമെന്നല്ല, വിരോധാഭാസവുമാണ്.
മൂന്നുതവണ തുടര്‍ച്ചയായി, 15 വര്‍ഷത്തോളം ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ ദല്‍ഹി സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇത്തവണ ആകെയുള്ള 70 സീറ്റില്‍ 66 സീറ്റിലും മത്സരിച്ച പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റുപോലും നേടാനായില്ല എന്നു മാത്രമല്ല, 63 സീറ്റിലും കെട്ടിവച്ച കാശ് കിട്ടിയില്ല. ലഭിച്ച വോട്ട് റെും 4.26 ശതമാനവും. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയ്ക്കുള്ള കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണിത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ലഭിച്ചതിന്റെ പകുതിയില്‍ താഴെ വോട്ടാണ് ഇക്കുറി നേടാനായത്.
പാര്‍ട്ടിയുടെ ബ്രഹ്മാസ്ത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രിയങ്ക വാദ്രയും മുന്‍ അധ്യക്ഷന്‍ രാഹുലും ഒരുമിച്ച് പ്രചാരണം നടത്തിയിട്ടും ഒരിടത്തുപോലും മുന്നേറാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ഇനിയൊരു കാലത്തും ദല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചുവരാനാവില്ലെന്ന് ഇപ്പോഴത്തെ പരാജയം ഉറപ്പിക്കുന്നു. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലായിരുന്നു വര്‍ഷങ്ങളോളം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം. ബിജെപി ഇപ്പോഴും ശക്തമായ പ്രതിപക്ഷമായി നിലനില്ക്കുമ്പോള് കോണ്‍ഗ്രസ്സ് ചിത്രത്തിലേയില്ല. ഇപ്പോള്‍ മത്സരം ബിജെപിയും എഎപിയും തമ്മിലായി. സമീപഭാവിയിലൊന്നും ഈ പാര്‍ട്ടിക്ക് ബദലാവാനുള്ള ശക്തി കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നില്ല.
2013-2019 കാലയളവില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ അധികാരം നഷ്ടമായ പലയിടങ്ങളിലും കോണ്‍ഗ്രസ്സിന് തിരിച്ചുവരാനായിട്ടില്ല. പതിറ്റാണ്ടുകള്‍ കുത്തകയാക്കി വച്ചിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഇന്ന് മത്സരക്ഷമതയുള്ള പാര്‍ട്ടിപോലുമല്ല. ഒരു കാലഘട്ടം വരെ കോണ്‍ഗ്രസ്സ് അടക്കിഭരിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ ഇന്ന് ദയനീയ സ്ഥിതിയിലാണ്. പ്രാദേശിക പാര്‍ട്ടികള്‍പോലും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുടെയും ശരത് പവാറിന്റെയും കാരുണ്യംകൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ്സ് തികച്ചും അപ്രസക്തമായിരിക്കുന്നു. ബിജെപിയും ബിജെഡിയും തമ്മില്‍ പ്രധാന മത്സരം നടക്കുന്ന ഒഡീഷയിലും കോണ്‍ഗ്രസ്സ് ആസന്നമരണത്തെ അഭിമുഖീകരിക്കുകയാണ്.
കോണ്‍ഗ്രസ്സ് മത്സരക്ഷമതയുള്ള പാര്‍ട്ടിയോ, പ്രധാന പ്രതിപക്ഷമോ, സര്‍ക്കാരിന് നേതൃത്വം നല്‍കുകയോ ചെയ്യുന്ന സംസ്ഥാനങ്ങളുണ്ട്. ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഗോവ തുടങ്ങിയവയാണിത്. പക്ഷേ ഈ സംസ്ഥാനങ്ങളിലും പാര്‍ട്ടി പല നിലകളില്‍ ദുര്‍ബ്ബലമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം തിരിച്ചുപിടിച്ചത് ഇതിനുദാഹരണം.
സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകള്‍ ദേശീയ രാഷ്്രടീയത്തെ നിയന്ത്രിച്ചിരുന്നത് കോണ്‍ഗ്രസ്സാണ്. അധികാരത്തിലേറാന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തമായിരുന്നു. കേന്ദ്രത്തില്‍ അധികാരം ലഭിക്കാതിരുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും പ്രതിപക്ഷത്തിന് നേതൃത്വം നല്‍കിയിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. ഇന്നതല്ല അവസ്ഥ. പാര്‍ലമെന്റില്‍ ഔദ്യോഗിക പ്രതിപക്ഷംപോലും ആവാനുള്ള അംഗബലം തുടര്‍ച്ചയായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന് ലഭിച്ചില്ല. ഇതിന്റെ തുടര്‍ച്ചയാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി.
മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ നഷ്ടപ്പെടുന്നു എന്നതാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് പരാജയത്തിന്റെ മറ്റൊരു ഘടകം. ദല്‍ഹിയില്‍ വര്‍ഷങ്ങളോളം കോണ്‍ഗ്രസ്സിന് ഒപ്പമായിരുന്ന മുസ്ലിങ്ങള്‍ എഎപിക്കൊപ്പം പോയിരിക്കുന്നു. 2015-ല്‍ 67 സീറ്റ് നേടി കേജ്രിവാള് അധികാരത്തില്‍ വരാനുള്ള കാരണം ഇതാണ്. 2020-ലും ഈ പ്രവണത ആവര്‍ത്തിച്ചിരിക്കുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനല്ല, എഎപിക്കാണ് മുസ്ലിങ്ങള്‍ വോട്ടു നല്‍കിയതെന്ന് എക്സിറ്റ് പോളുകളില്‍ തെളിഞ്ഞിരുന്നു.
ഇടതുപാര്‍ട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും യഥാക്രമം 0.03 ശതമാനവും 0.01 ശതമാനവും വോട്ടുമാത്രം ലഭിച്ചതില്‍ അതിശയോക്തിയില്ല. ഇതിനെക്കാള്‍ വോട്ട് ജനങ്ങള്‍ ‘നോട്ട’ക്ക് നല്കി. ആര്‍ക്കും വേണ്ടാത്തവരാണ് ഈ പാര്ട്ടികളെന്നര്ത്ഥം. എന്നിട്ടും കോണ്‍ഗ്രസ്സിനൊപ്പം ആഹ്ലാദിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി! സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ സന്തോഷിക്കുന്ന രാഷ്ട്രീയ ജീവികളെ മറ്റൊരിടത്തും കാണാനാവില്ല. ബിജെപിയെ ഒറ്റപ്പെടുത്താനെന്ന മറപിടിച്ചാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയത്. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടശേഷം ബിജെപി മൂന്നുതവണ കേന്ദ്രത്തില്‍ അധികാരത്തിലേറിയെന്നു മാത്രമല്ല, കോണ്‍ഗ്രസ്സിന് അധികാരം വിദൂരസ്വപ്നമാവുകയും, പാര്‍ട്ടി തകരുകയും ചെയ്തു. ബിജെപിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ഇടതുപാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തില്‍ സമ്പൂര്‍ണമായി ഒറ്റപ്പെടുകയും ചെയ്തു. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലവും ഈ സത്യത്തിന് അടിവരയിടുന്നു. പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നിവിടങ്ങളില്‍ ഭരണം നടത്തിയിരുന്ന പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി.
ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക പതനത്തിലേക്ക് അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണ്. നെഹ്റു കുടുംബവാഴ്ചയുടെ അസ്തമയംകൂടിയാണിത്. പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ 3220 വോട്ടുമാത്രം നേടാനായത് പ്രതീകാത്മകമാണ്. മഹാത്മജിയുടെ പേരില്‍ വ്യാജഗാന്ധിമാരായി നടന്ന് ജനങ്ങളെ കബളിപ്പിച്ചതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസ്സ് വിധിക്കപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സ് മുക്ത ഭാരതം സാധ്യമാണെന്നു മാത്രമല്ല, അത് അനിവാര്യവുമാണ്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സന്ദേശവും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: