പദ്മവിഭൂഷണ്‍ പി. പരമേശ്വര്‍ജി എന്ന കേരള പുത്രനായ ഭാരതീയന്‍ പരമശിവപാദപദ്മത്തില്‍ വിലയം പ്രാപിച്ചു. പരമേശ്വര്‍ജിയുടെ ജീവിതം, ഭാരത ഗൗരവം അറിഞ്ഞാസ്വദിച്ചുള്‍ക്കൊണ്ട് പ്രചരിപ്പിക്കുന്നതിനായി സമര്‍പ്പിതമായിരുന്നു. കാവിയുടുത്തില്ലെങ്കിലും ഒരു സന്ന്യാസിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചുവന്നത്. പരമേശ്വര്‍ജിയുടെ ദേഹവിയോഗം കൊണ്ട് വിവേകാധിഷ്ഠിത വിചാരകേന്ദ്രങ്ങള്‍ക്ക് ഒരു ദേശികനെ നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതീയ വിചാരകേന്ദ്രം കാലത്തിന്റെ അനിവാര്യതയായപ്പോള്‍ പരമേശ്വര്‍ജിയിലൂടെ അത് സംസ്ഥാപിതമായി. ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ഊര്‍ജസ്വല ദാര്‍ശനിക സൗകുമാര്യതയും ശ്രീ അരവിന്ദന്റെ യുക്ത്യാധിഷ്ഠിത തത്ത്വചിന്തയും രാഷ്‌ട്രപ്രതിബദ്ധതയും പരമേശ്വര്‍ജിയില്‍ മനോഹരമായി മേളിച്ചിരുന്നു.
ശ്രീമദ് ആഗമാനന്ദ സ്വാമിജിയുടെ ഗുരുത്വമാണ് ശ്രീ പരമേശ്വര്‍ജിയെ രൂപപ്പെടുത്തിയെടുത്തതെന്ന വസ്തുത ശ്രദ്ധേയമാണ്. മാര്‍ക്‌സിനേയും മഹര്‍ഷിയേയും വിശദമായി വിശകലനം ചെയ്തറിഞ്ഞ ആ മേധാശക്തിയുടെ രചനകള്‍ വരും കാലത്തിനുതകുന്ന മാര്‍ഗ്ഗദര്‍ശം നല്‍കും. ശ്രീ നാരായണഗുരുദേവനെ കേവലം സാമൂഹ്യ പരിഷ്‌കര്‍ത്താവായി പരിചയപ്പെടുത്തുന്നതിനെ പരമേശ്വര്‍ജി യുക്തിഭദ്രമായി എതിര്‍ക്കാറുണ്ടായിരുന്നു. അദൈ്വത ബോധ്യത്തിന്റെ ആനന്ദത്തില്‍ അടിയുറച്ചുവര്‍ത്തിച്ചാണ് സാമൂഹിക സമത്വങ്ങള്‍ക്കെതിരായി ഗുരുദേവന്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ തീര്‍ഥാലയമാക്കിയത് ആത്മീയ ഗുരുക്കന്മാരാണെന്ന വസ്തുതയും പരമേശ്വര്‍ജി ന്യായയുക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രായം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ജ്ഞാന പ്രഭാവം കൊണ്ടും വൃദ്ധത്വം പ്രാപിച്ച ധന്യാത്മാവാണെങ്കിലും പരമേശ്വര്‍ജി ഞങ്ങളെപ്പോലുള്ള കാവി വസ്ത്രധാരികളെ എന്നും ആദരിക്കുമായിരുന്നു. ആ ഗുരുപരമ്പരാ ഭക്തിക്കും ശ്രദ്ധയ്‌ക്കും മുമ്പില്‍ പ്രണാമം. ധാരാളം സന്ദര്‍ഭങ്ങളില്‍ പരമേശ്വര്‍ജിയുടെ വാത്സല്യ സ്‌നിഗ്‌ദ്ധ പ്രേമവും നുകരാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. പ്രസംഗ വേദികളില്‍ സൗമ്യതവെടിയാതെ സ്പഷ്ടമായി തത്വചിന്തയും രാഷ്‌ട്രീയവും വിമര്‍ശനങ്ങളും സാഹിത്യ നിരീക്ഷണങ്ങളും അവതരിപ്പിക്കുന്ന കല ഏറെ ആസ്വദിച്ചിട്ടുണ്ട്.
പരമേശ്വര്‍ജി വിഭാവനം ചെയ്തു നടപ്പാക്കിയ ഭഗവദ്ഗീതാ സ്വാദ്ധ്യായ പ്രചാരണ പദ്ധതി സമഗ്രവും ആകര്‍ഷകവുമായിരുന്നു. യുവമനസ്സുകളെ വ്യാപകമായി ഭഗവദ്ഗീതാ വിശകലന പഠനത്തിലേക്ക് സ്വാഗതം ചെയ്യാന്‍ പരമേശ്വര്‍ജിക്കു സാധിച്ചു. കാലടി അദൈ്വത ആശ്രമത്തില്‍ ഒരുക്കിയ വിദ്യാര്‍ഥി ശിബിരത്തിലും മറ്റനവധി വേദികളിലും പ്രഭാഷകനായി ചെന്നപ്പോള്‍ ബോധ്യപ്പെട്ടതാണ് ഈ കാര്യം. വിദ്യാഭ്യാസം, ചരിത്രം, കൃഷി, വാണിജ്യം എന്നീ വിവിധ മേഖലകളുടെ സംശുദ്ധീകരണത്തിനും വികാസത്തിനും ഉതകുന്ന ചിന്തകള്‍ പരമേശ്വര്‍ജി ഭഗവദ്ഗീതയില്‍ നിന്നു കണ്ടെത്തി പ്രചരിപ്പിച്ചിട്ടുണ്ട്.
സംപൂജ്യ ഗുരുദേവ് ചിന്മയാനന്ദജിയെ നവ പാര്‍ഥസാരഥിയായും ആധുനിക വിവേകാനന്ദനായും പരമേശ്വര്‍ജി വ്യാഖ്യാനിച്ചു പരിചയപ്പെടുത്തിയത് സുധന്യ സ്മൃതിയാണ്. ഗുരുദേവന്റെ സമാധി വാര്‍ത്ത ഏതോ യാത്രയ്‌ക്കിടയില്‍ വിമാനത്താവളത്തില്‍ വച്ചാണ് പരമേശ്വര്‍ജി അറിഞ്ഞതത്രേ. ഗുരുദേവന്റെ വിയോഗ ദുഃഖത്തെ പൊലിഞ്ഞു പോയ് വേദാന്ത സൂര്യ ഗോളം…. എന്നിങ്ങനെ കവിതയായി കുറിച്ചത് ഹൃദയസ്പര്‍ശിയായിരുന്നു. എന്നെയോര്‍ത്തും കൊണ്ടടരാടുക എന്ന് ആ കവിതയില്‍ ഭഗവാന്റെ ഉപദേശ സംഗ്രഹം സൂചിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
തത്വചിന്താരതനും രാഷ്‌ട്രഭക്തനും ലോകഹിത കാംക്ഷിയുമായിരുന്ന പരമേശ്വര്‍ജി ഇനി സശരീരനായി നമ്മോടൊപ്പമുണ്ടാകില്ല. പരമേശ്വര്‍ജിയെന്ന പുഞ്ചിരി കുളിര്‍നിലാവു ചൊരിഞ്ഞ ജ്ഞാന പ്രഭാകരന്റെ അസ്തമനം അത്യന്തം നഷ്ടബോധം സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് പരമപദം പുല്‍കിയിരിക്കുമെന്നതില്‍ സംശയത്തിനവകാശമില്ല. അദ്ദേഹം രചിച്ച കൃതികള്‍ പഠിച്ചും നല്‍കിയ മാര്‍ഗ്ഗ നിര്‍ദേശമനുസരിച്ചും രാഷ്‌ട്രധര്‍മ്മത്തേയും മാനവികതയേയും സര്‍വോപരി സര്‍വ്വേശ്വരനേയും പൂജിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. ശ്രീ പരമേശ്വര്‍ജിയുടെ ധന്യമായ സ്മരണകള്‍ക്കു മുമ്പില്‍ സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: