ന്യൂദല്‍ഹി : ശബരിമല അയ്യപ്പന് 16 ആഭരണങ്ങള്‍ മാത്രമാണോ ഉള്ളതെന്ന് ആശ്ചര്യപ്പെട്ട് സുപ്രീംകോടതി. ശബരിമല തീരുവാഭരണത്തിന്റെ സുരക്ഷിതത്വം പരിശോധിക്കവേ ജസ്റ്റിസ് എന്‍.വി. രമണയാണ് ഇത്തരത്തില്‍ അത്ഭുതപ്പെട്ടത്.
തിരുവാഭരണത്തിന്റെ സുരക്ഷയ്ക്കായി മുന്‍ കേരള ഹൈക്കോടതി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് തിരുവാഭരണത്തിന്റെ കണക്കുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തിരുവാഭരണത്തില് എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോള്‍ 16 ഇനങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിന് 16 ആഭരണങ്ങള്‍ മാത്രമാണോയുള്ളതെന്ന് കോടതി സംശയം പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍മാത്രം അണിയിക്കാന്‍ അച്ഛനെന്ന നിലയില്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന് കെ. രാധാകൃഷ്ണന് മറുപടി നല്കി.
അതിനിടെ ഹര്‍ജിക്കാരനായ രേവതിനാള് പി. രാമവര്‍മ രാജയുടെ ഒപ്പ് സംബന്ധിച്ചും കോടതിയില്‍ തര്‍ക്കം ഉടലെടുത്തു. വക്കാലത്തിലും, സത്യവാങ്മൂലത്തിലും വ്യത്യാസമുണ്ടെന്നാണ് ആരോപണം. ഇതോടെ രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
ഇപ്പോള്‍ 100 വയസുള്ള രാമവര്‍മ രാജ ആശുപത്രിയിലാണെങ്കിലും ഫോണില്‍ സംസാരിക്കാവുന്ന സ്ഥിതിയാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീംകോടതിയിലെത്തിക്കാമെന്നും അഭിഭാഷകന് സായി ദീപക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: