ന്യൂദല്‍ഹി: അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണ മേല്‍നോട്ടത്തിനായി സുപ്രീംകോടതി വിധിയനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്. ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച വിവരം പ്രധാനമന്ത്രി നേരിട്ട് പാര്‍ലമെന്റിനെ അറിയിച്ചു. പതിനഞ്ച് അംഗങ്ങളാണ് ട്രസ്റ്റിലുണ്ടാവുകയെന്ന് പിന്നാലെ പുറത്തിറങ്ങിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ആര്-20, ഗ്രേറ്റര്‍ കൈലാസ് പാര്‍ട്ട് ഒന്ന്, ന്യൂദല്‍ഹി എന്ന വിലാസത്തിലാകും ട്രസ്റ്റിന്റെ രജിസ്ട്രേഡ് ഓഫീസെന്നും വിജ്ഞാപനത്തിലുണ്ട്.
അയോധ്യാ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരന്റെ ദല്‍ഹിയിലെ വീടാണിത്. പരാശരന് തന്നെയാവും ട്രസ്റ്റിന്റെ അധ്യക്ഷനെന്ന സൂചനകളാണ് ഇതു നല്‍കുന്നത്. ട്രസ്റ്റില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയടക്കം സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാവും ഉണ്ടാവുക. ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്നും ആദ്യ യോഗം എന്നെന്നും ഉടന്‍ പ്രഖ്യാപിക്കും.
സുപ്രീംകോടതി വിധിപ്രകാരം അയോധ്യയിലെ രാമജന്മഭൂമിയിലെ അകത്തളവും പുറത്തെ സ്ഥലവും അടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും വിജ്ഞാപനത്തിലൂടെ ട്രസ്റ്റിന് കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന രാമജന്മഭൂമിക്ക് ചുറ്റമുള്ള സ്ഥലങ്ങളും ട്രസ്റ്റിന് കൈമാറാന്‍ സര്‍ക്കാരിന് വിജ്ഞാപനം സ്വാതന്ത്ര്യം നല്കുന്നു. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറുന്ന 67.70 ഏക്കറിന് പുറത്ത് അയോധ്യയില്‍ തന്നെ മുസ്ലിം പള്ളി നിര്‍മിക്കുന്നതിന് അഞ്ചേക്കര്‍ ഭൂമി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് നല്‍കും. ഇതിനായി യുപി സര്‍ക്കാരുമായി കേന്ദ്രം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ സ്ഥലം അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ ലഖ്നൗ ഹൈവേയില്‍ ധന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളിക്കായി സ്ഥലമേറ്റെടുത്ത് നല്‍കിയത്.
അയോധ്യയിലെ 67.70 ഏക്കറില്‍ ഏതുതരം പ്രവൃത്തികളും നിര്‍മാണങ്ങളും നടത്തുന്നതിനും മേല്‍നോട്ടത്തിനും ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് അധികാരം നല്‍കുന്നതായും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു. ക്ഷേത്ര നിര്‍മാണത്തിനായി മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്ന് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: