അവിസ്മരണീയമായ രണ്ട് മുതിര്‍ന്ന സ്വയംസേവകര്‍ രണ്ടാഴ്ച മുന്‍പ് അന്തരിച്ചത് ജന്മഭൂമി വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. ഇരുവരും ജനുവരി 19 ഞായറാഴ്ചയായിരുന്നു പരലോകവാസികളായത്. മരണ വൃത്താന്തം അറിഞ്ഞതാകട്ടെ ഏതാണ്ട് ഒരു മണിക്കൂര്‍ ഇടവിട്ടും. അവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അറുപതില്‍പരം വര്‍ഷങ്ങളായി സാധിച്ചിരുന്നുവെന്നത് വലിയ ഭാഗ്യമായി കരുതുന്നു.
പ്രായംകൊണ്ടും സംഘത്തിലെ പരിചയംകൊണ്ടും ഇന്ന് കേരളത്തില്‍ പ്രഥമ സ്ഥാനീയനായ രാ. വേണുഗോപാല്‍ എന്ന വേണുവേട്ടന്റെ അനുജന്‍ ഗിരീശന്‍ എന്നു വിളിച്ചുവന്ന ആര്‍.ജി. മേനോനാണ് ആദ്യത്തെയാള്‍. തൃപ്പൂണിത്തുറക്കാരുടെയും, അടുത്തറിയുന്ന എല്ലാ സുഹൃത്തുക്കളുടെയും കൈമള്‍ ചേട്ടനായ വി.ആര്‍. ഗോവിന്ദ കൈമള്‍ രണ്ടാമനും. ഗോവിന്ദ കൈമള്‍ നമുക്കൊക്കെ ആദരണീയനായിരുന്ന, ഋഷിതുല്യനായിരുന്ന മാധവജിയുടെ ഇളയ സഹോദരി പാര്‍വതിയെയാണ് സഹധര്‍മിണിയാക്കിയതെന്ന സംഗതി കൂടിയുണ്ട്.
ഗിരീശേട്ടനെപ്പറ്റി ഞാന്‍ വിദ്യാഭ്യാസകാലത്തുതന്നെ കേട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ വിദ്യാഭ്യാസകാലത്തു മാധവജിയോടൊപ്പം കാര്യാലയത്തില്‍ താമസിച്ച സമയത്തായിരുന്നു വേണുവേട്ടനും അനുജന്‍ ഗിരീശേട്ടനും സംസാര വിഷയമായത്. മാധവജിക്ക് അവരുമായുള്ള അടുപ്പവും ആത്മീയതയും അവരെ നേരില്‍ കാണുന്നതിനു മുന്‍പുതന്നെ മനസ്സില്‍ പതിഞ്ഞിരുന്നു. അക്കാലത്ത് കോട്ടയത്തു പ്രചാരകനായിരുന്നു വേണുവേട്ടന്‍. അവിടത്തെ കാര്യാലയത്തിന് ഗോപാലയം എന്ന് പേരിട്ടതുകണ്ട് ശരിക്കും വേണുഗോപാലയമാണ് എന്നഭിപ്രായപ്പെട്ട് ഞാന്‍ അദ്ദേഹത്തിന്റെ ശാസനയും കേട്ടു.
ഗിരീശേട്ടനെ കാണാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. 1958ല്‍ കണ്ണൂരില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനേട്ടനു ലഭിച്ച വേണുവേട്ടന്റെ കത്തില്‍നിന്നും അനുജന്‍ ഗിരീശന്‍ കണ്ണൂരിലുണ്ടെന്നറിഞ്ഞു. വര്‍മ ആന്‍ഡ് വര്‍മ എന്ന ആഡിറ്റ് സ്ഥാപനത്തിന്റെ കണ്ണൂര്‍ ശാഖയുടെ ചുമതലയുമായി എത്തിയതായിരുന്നുവത്രേ. അന്നു വൈകുന്നരം തന്നെ ജനേട്ടനുമൊത്ത് കണ്ണൂരിലെ പ്രസിദ്ധമായിരുന്ന സേവോയ് ഹോട്ടലിലെ അവരുടെ മുറിയിലെത്തി. ഹോട്ടലിലെ വിശാലമായ രണ്ട് ഫാമിലി മുറികളിലായിരുന്നു ഓഫീസും വസതിയും. ഏതാനും മാസങ്ങള്‍ മാത്രമേ അദ്ദേഹം അവിടെയുണ്ടായിരുന്നുള്ളൂ. വളരെ ഹൃദ്യമായ പെരുമാറ്റവും വര്‍ത്തമാനവും. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് എന്നെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം അദ്ദേഹം മനസ്സിലാക്കി.
ഗിരീശേട്ടന്‍ ഏതാനും മാസം കഴിഞ്ഞു മുംബൈയിലെ ഒരു ഷിപ്പിങ് കമ്പനിയില്‍ ചേര്‍ന്നുവെന്നും മറ്റും പിന്നീട് മനസ്സിലായി. ആ നിലയില്‍ അദ്ദേഹത്തെ കാണാനുള്ള അവസരവും ചുരുക്കമായിരുന്നു. ‘ജന്മഭൂമി’യുടെ ആരംഭത്തിനായുള്ള ശ്രമങ്ങളില്‍ മുംബൈ മലയാളി സ്വയംസേവകരുടെ സഹകരണം ഉപകരിക്കുമെന്ന അഭിപ്രായം വന്നു. അടിയന്തരാവസ്ഥയ്‌ക്കു മുന്‍പുതന്നെ അതിന്റെ ആലോചന തുടങ്ങിയിരുന്നു. മുംബൈയില്‍ ജോലിയായിരുന്ന ദിവാകരന്‍, മുരളി മുതലായ സ്വയംസേവകരെ അവരുടെ ചെറുപ്പ കാലത്തുതന്നെ പരിചയമായിരുന്നതിനാല്‍ അത് എളുപ്പമായി. അവിടത്തെ മലയാളി സമാജമെന്ന സ്വയംസേവകരുടെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായിരുന്നു അവര്‍. അതിന്റെ ജീവനാഡിയായിരുന്നത് ഗിരീശേട്ടനും. എല്ലാ ആഗസ്റ്റ് 15നും മുംബൈ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ അവിടെ ചെന്നാല്‍ ജന്മഭൂമിയുടെ കാര്യം അവതരിപ്പിക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അവിടെ ചെന്നു. ഭാഗ്യവശാല്‍ ഹരിയേട്ടനും അതില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥ കഴിഞ്ഞ്, അതിന്റെ ആവേശം നിലനിന്ന സമയമാകയാല്‍ നല്ല പ്രതികരണമുണ്ടായി. ഗിരീശേട്ടന്‍ ഒട്ടനേകം പേരെ ഈ സംരംഭത്തില്‍ സഹകരിക്കാന്‍ പ്രേരിപ്പിച്ചു.
മുംബൈയിലെ സംഘവുമായി ബന്ധപ്പെട്ട എല്ലാ സംരംഭങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഗണ്യമായി ഉണ്ടായിരുന്നു. സംഘത്തിനു പുറത്തുള്ള പ്രശസ്തരായ മുംബൈ മലയാളികള്‍ക്കും അദ്ദേഹം അനുപേക്ഷണീയനായിരുന്നു. മുംബൈയിലെ സാന്താ ക്രൂസ് ഈസ്റ്റിലെ വസതിയില്‍ താമസിച്ചത് അതിഥിയായിട്ടായിരുന്നില്ല, കുടുംബാംഗത്തെപ്പോലെ ആയിരുന്നു. എന്റെ അനുജന്‍ ഡോ. കേസരിക്ക് മുംബൈയിലെ ഹോമിയോ ഗവേഷണ സ്ഥാപനത്തിന്റെ തുടക്കത്തില്‍ അവിടെ ജോലി കിട്ടിയിരുന്നു. ആ സ്ഥാപനം സാന്താക്രൂസ് ഭാഗത്തായതിനാല്‍ ഞങ്ങള്‍ ഗിരീശേട്ടന്റെ വസതിയിലാണ് ആദ്യം പോയത്. ഹോമിയോ ആസ്പത്രിയില്‍ എത്തിയപ്പോള്‍ അതാരംഭിക്കേണ്ട ചുമതല തന്നെ കേസരിക്കായിത്തീര്‍ന്നു. ഗിരീശേട്ടന്‍ ഞങ്ങളെ അവിടത്തെ ഹരേകൃഷ്ണ ക്ഷേത്രവും മറ്റും സന്ദര്‍ശിക്കാന്‍ കൊണ്ടുപോയി. മൂന്നു മാസം ജോലി ചെയ്ത ശേഷം കേസരി നാട്ടില്‍ തിരിച്ചെത്തിയെന്നതു മറ്റൊരു കാര്യം.
ഭാസ്‌കര്‍ റാവുജിയുടെ ദേഹ വിയോഗ ശേഷം അദ്ദേഹത്തിന്റെ ജീവചരിത്രം തയ്യാറാക്കാനുള്ള ചുമതല എനിക്ക് ലഭിച്ചു. അതിനായി മുംബൈയിലും പൂനെയിലുമൊക്കെ പോയിരുന്നു. ഭാസ്‌കര്‍ റാവുജി എറണാകുളത്ത് എത്തിയ 1946 കാലത്ത് ഗിരീശേട്ടന്‍ അവിടെ സിഎ പഠനത്തിനായി ജ്യേഷ്ഠ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചത്. അന്ന് ആ വീട്ടിലെ ഔട്ട്ഹൗസ് കാര്യാലയമായി ഉപയോഗിക്കുകയും ഭാസ്‌കര്‍ റാവു അവിടെ താമസിക്കുകയും ചെയ്തു എന്നു കേട്ടിരുന്നു. അദ്ദേഹത്തില്‍ നിന്ന് നേരിട്ടു വിവരം അറിയാനുള്ള ആഗ്രഹത്തോടെയാണ് പൂനെയില്‍ പോയത്. അവിടെ മലയാളി സ്വയംസേവകരുടെ ഓണാഘോഷ പരിപാടിയില്‍ ഗിരീശേട്ടന്‍ പങ്കെടുക്കുമെന്നും, അന്നദ്ദേഹത്തോടൊപ്പം താമസിക്കാമെന്നും നിര്‍ണയിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷത്തില്‍ അദ്ദേഹത്തിന് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും പോകേണ്ടി വന്നതിനാല്‍ അതു സാധിച്ചില്ല. പിന്നീട് അപൂര്‍വമായേ അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായുള്ളൂ. എന്നും മായാത്ത ഓര്‍മകള്‍ തന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ സുദീര്‍ഘമായ ധന്യജീവിതം കടന്നുപോയത്.
ഗോവിന്ദക്കൈമളുമായുള്ള ബന്ധം അത്ര അടുത്തതായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അഭിവന്ദ്യ പിതാവ് പ്രൊഫ. കൃഷ്ണന്‍ നമ്പൂതിരി 1951-53 കാലത്ത് തിരുവനന്തപുരത്ത് എംജി കോളജിലെ രസതന്ത്ര അധ്യാപകനായിരുന്ന ഓര്‍മ ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു. മോളിക്യുലര്‍ തിയറിയും ഡാര്‍ട്ടന്റെ അറ്റോമിക് തിയറിയും ആവഗോഡ്രാ ഹൈപോത്തിസിസും അദ്ദേഹത്തിന്റെ മുഴങ്ങുന്ന സ്വരത്തില്‍ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അന്ന് ചില ദിവസങ്ങളില്‍ അദ്ദേഹം സൈക്കിളിലിരുത്തി മകന്‍ ഗോവിന്ദനെ കോളജില്‍ കൊണ്ടുവന്നിരുന്നു. ആറോ ഏഴോ വയസ്സ് പ്രായമുള്ള ആ കുട്ടിയാണ് പിന്നീട് സ്റ്റേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനും സംഘ ഹൃദയത്തുടിപ്പായി മാറിയ കാര്യകര്‍ത്താവും, ബാലഗോകുലത്തിന്റെ കരുത്തുമായത് എന്ന് ഓര്‍ക്കുമ്പോള്‍ വിസ്മയം തോന്നുന്നു.
അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം കുറച്ചേ ഉണ്ടായിട്ടുള്ളൂ. സംഘശിക്ഷാ വര്‍ഗില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ ഞാന്‍ ശിക്ഷക് ആയിരുന്നു. നമ്പൂതിരി സാറിന്റെ മകനാണ് ഗോവിന്ദ കൈമള്‍ എന്നതും ആകസ്മികമായിട്ടാണ് അറിഞ്ഞത്. 1963-ല്‍ വര്‍ക്കലയില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രചാരകന്മാരുടെ ബൈഠക് നടന്നിരുന്നു. ഒറ്റപ്രാന്തമായി നടത്തപ്പെട്ട അവസാന ബൈഠക് ആയിരുന്നു അത്. മാ. സര്‍കാര്യവാഹ് ഏകനാഥജിയും അടുത്ത സര്‍കാര്യവാഹ് ബാളാ സാഹിബ് ദേവറസും ക്ഷേത്രീയപ്രചാരക് യാദവ റാവു ജോഷിയും ദത്താജിയും പങ്കെടുത്ത ബൈഠക്കിലേക്ക് പോയ ഞങ്ങള്‍ കൊല്ലം സ്റ്റേഷനിലെത്തിയപ്പോള്‍ വണ്ടിയില്‍ പഴയ പ്രൊഫ. നമ്പൂതിരി സാറിനെ കണ്ടു. കുശലം പറയുന്നതിനിടെ ഞാന്‍ ആറേഴു വര്‍ഷമായി പ്രചാരകനാണ് എന്നു പറഞ്ഞപ്പോഴേക്കും സാറിനോട് കുശലം പറയാന്‍ ഭാസ്‌കര്‍ റാവുജിയുമെത്തി. ഭാസ്‌കര്‍ജി പറഞ്ഞാണ് ഗോവിന്ദ കൈമളുടെ അച്ഛനാണ് നമ്പൂതിരി സാര്‍ എന്നറിഞ്ഞത്.
പിന്നീട് കൈമള്‍ മാധവജിയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചത് തികച്ചും സംഘമായിട്ടാണെന്നു ഞാനറിഞ്ഞു. മാധവജി വിവരത്തിനെഴുതിയിരുന്നു. മറ്റു സഹോദരീ സഹോദരന്മാരുടെയും വിവാഹ വിവരം മാധവജി എഴുതി അറിയിക്കുകയാണ് ചെയ്തത്. വിവാഹച്ചടങ്ങുകളില്‍ പങ്കുചേരാന്‍ വരണമെന്നില്ല എന്നറിയിക്കാനും അദ്ദേഹം മറന്നില്ല. സംഘപ്രചാരകന്‍ തന്റെ പ്രവൃത്തിയുടെ ഭാഗമായിട്ടല്ലാതെ സ്വകര്‍മ ക്ഷേത്രത്തിനു പുറത്തുപോകരുത് എന്ന അലിഖിത നിബന്ധന അന്നു നിലനിന്നിരുന്നു. അച്ഛന്‍ അന്തരിച്ചപ്പോള്‍, അതിന്റെ ശേഷക്രിയാദികള്‍ക്കായി മാധവജി കോഴിക്കോട്ടെ വീട്ടില്‍ എത്തിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച് ഞാന്‍ തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ട് പോയി കണ്ടു. വിവരം പ്രാന്തപ്രചാരകന്‍ ദത്താജിയെ അറിയിച്ചു കത്തെഴുതിയതിന് അദ്ദേഹം അയച്ച മറുപടിയിലാണ് പ്രചാരകന്‍ അനുഷ്ഠിക്കേണ്ട ഈ പത്ഥ്യത്തെ അറിയിച്ചത്.
മാധവജി അന്തരിച്ചപ്പോള്‍ ജന്മഭൂമി ഒരു പ്രത്യേക പതിപ്പിറക്കി. അതില്‍ ചേര്‍ക്കാനായി അദ്ദേഹത്തിന്റെ കുടുംബ ഫോട്ടോകള്‍ അന്വേഷിച്ചു തൃപ്പൂണിത്തുറയില്‍ കൈമളെ ചെന്നു കണ്ടപ്പോള്‍ അത്യപൂര്‍വമായ ചിത്രങ്ങള്‍ തന്നു. ചെറിയ കുട്ടിയായിരുന്ന മാധവജിയും ഇഎംഎസിനൊപ്പം നില്‍ക്കുന്ന മാധവജിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഏറെ സ്മരണകള്‍ അയവിറക്കാനായി തന്നിട്ടാണ് ആ രണ്ടു മുതിര്‍ന്ന സ്വയംസേവകരും തിരശ്ശീലയ്‌ക്കു പിന്നിലേക്ക് വിടവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: