തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ സർക്കാരിന് ലോകായുക്ത നോട്ടീസ്. വെള്ളിയാഴ്ചയ്‌ക്കകം സർക്കാർ വിശദീകരണം നൽകണം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ ഹർജിയിലാണ് നടപടി. കേസിൽ സർക്കാർ ഒരാഴ്ച സമയം ചോദിച്ചെങ്കിലും ലോകായുക്ത അനുവദിച്ചില്ല.
കേസ് പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നായിരുന്നു സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം തള്ളിയ ലോകായുക്ത ഈ വെള്ളിയാഴ്ച തന്നെ സ്പെഷ്യൽ അറ്റോർണി ലോകായുക്തയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഹർജിയിലെ വിവരങ്ങളും ലോകായുക്ത ആരാഞ്ഞു.
ബന്ധുവായ കെടി അദീപിന് അനധികൃതമായി നിയമനം നല്‍കിയെന്ന ആരോപണത്തിലാണ് ലോകായുക്തയുടെ നോട്ടീസ്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായിട്ടാണ് കെ ടി അദീപിനെ നിയമിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് അയച്ചത്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത്. മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദര പുത്രനായ അദീബിനെ ചട്ടങ്ങള്‍ മറികടന്നാണ് നിയമിച്ചത്. ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് നിയമനം നല്‍കിയത് എന്നാണ് മന്ത്രി ഉള്‍പ്പടെ പറഞ്ഞത്. എന്നാല്‍ ഇത് ബന്ധു നിയമനമാണ് എന്ന ആരോപണത്തെ നേരിട്ട് മന്ത്രിക്ക് ആത്മവിശ്വാസത്തോടെ മറുപടി പറയാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: