Categories: Idukki

ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മുണ്ടിനീര് വ്യാപകം, തിരിഞ്ഞുനോക്കാതെ ആരോഗ്യവകുപ്പ്

ഇടമലക്കുടിയിലേതടക്കം വിവിധ വനവാസിക്കുടികളില്‍ നിന്ന് 120 ഓളം കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

Published by

അടിമാലി: അടിമാലിയില്‍ ട്രൈബല്‍ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ മുണ്ടിനീര് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. വൈറസ് രോഗമായതിനാല്‍ കുട്ടികളെ മരുന്ന് നല്‍കി വീട്ടിലേക്കയച്ചു. ഇനിയും ഹോസ്റ്റലില്‍ താമസിക്കുന്ന പലര്‍ക്കും രോഗബാധയുള്ളതായി സംശയിയ്‌ക്കുന്നു.  

ഇടമലക്കുടിയിലേതടക്കം വിവിധ വനവാസിക്കുടികളില്‍ നിന്ന് 120 ഓളം കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പൊങ്കല്‍ അവധിയ്‌ക്ക് വീട്ടില്‍ പോയിട്ടുവന്ന പ്ലാമല, കുറത്തിക്കുടി മേഖലകളിലെ 10 കുട്ടികള്‍ക്കാണ് രോഗലക്ഷണം ആദ്യം കണ്ടത്. പല്ലുവേദന പോലെ തുടങ്ങുന്ന ലക്ഷണം കവിളിനോട് ചേര്‍ന്ന് നീരുവരുന്നതോടെയാണ് രോഗം എന്തെന്ന് തിരിച്ചറിയാനാകുക. വ്യാപകമായി രോഗം പടരാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.  

ആണ്‍ കുട്ടികളുടെ ഹോസ്റ്റലിലെ ചില കുട്ടികള്‍ക്കും രോഗലക്ഷണമുള്ളതായി സൂചനയുണ്ട്. ചൊവ്വാഴ്ച രാവിലെ തന്നെ അടിമാലിയില്‍ തന്നെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. അതേ സമയം മുണ്ടുനീര് ബാധിച്ച കുട്ടികള്‍ക്ക് രണ്ടാഴ്ചത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും അസുഖം അടുത്തിടപഴകുന്നവരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്നും ഇടുക്കി ഡിഎംഒ ജന്മഭൂമിയോട് പറഞ്ഞു.  

വൈറസ് ബാധയായതിനാല്‍ പ്രത്യേക ചികിത്സയില്ലെന്നും മുന്‍കരുതല്‍ എടുക്കണമെന്നും അവര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by