ബീജിങ്: കൊറോണ വൈറസ് ബാധ ജപ്പാനിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധയില്‍ മരിക്കുന്നവരുടെ എണ്ണം 492ലെത്തി. കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയില്‍ മാത്രം 490 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു.
കാനഡയിലും ജപ്പാനിലും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ ഇരുപത്തിനാലായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈന കൂടാതെ 25 രാജ്യങ്ങളില്‍ കൊറോണയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര തലത്തില്‍ ഈ വൈറസിനെ പ്രതരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ യാത്രാവിലക്കും വ്യാപാരവിലക്കും ഏര്‍പ്പെടുത്തുന്നത് ജനങ്ങളില്‍ ഭീതി പരത്താനെ ഉപകരിക്കൂവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
അതിനിടെ കൊറോണ വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര്‍ നിരീക്ഷണത്തിലാണ്. 2421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















