തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഭംഗിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തിന് നിയമസഭ കാര്യോപദേശക സമിതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രമേയം വീണ്ടും പരിഗണിക്കമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും പിണറായി അറിയിച്ചു.
ഗവര്‍ണര്‍ക്കെതിരെയുള്ള ചര്‍ച്ചകള്‍ സഭയില്‍ ഒഴിവാക്കണമെന്ന തരത്തില്‍ കെ.കരുണാകരന്, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, എം.എം.ഹസന് തുടങ്ങിയവര്‍ ഇതിനു മുമ്പ് പലപ്പോഴും പ്രസ്താവന നടത്തിയിരുന്നു. ഇവയെല്ലാം ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചത്.
അതേസമയം ഗവര്‍ണര്‍ക്ക് ചില കടമകളുണ്ട്. അതാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചു. വിമര്‍ശിക്കുന്നത് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വേണം. തനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ വിരോധമില്ല. പക്ഷേ ഭരണഘടനയെ ഉള്‍ക്കൊണ്ട് കൂടിയാകണം വിമര്‍ശിക്കേണ്ടത്. ഞാന്‍ കൂടിയായ നിയമസഭയെ അപമാനിക്കുമെന്ന് കരുതുന്നുണ്ടോ. വിമര്‍ശിക്കുമ്പോള്‍ ഭരണഘടനകൂടി ഉള്‍ക്കൊണ്ട് വേണം സംസാരിക്കാനെന്നും കേരള ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: