ന്യൂദല്‍ഹി : ഭൂരിപക്ഷ വിഭാഗത്തില്‍ നിന്നുള്ള പീഡനത്താല്‍ തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത് 200 പാക്കിസ്ഥാനികള്‍. സന്ദര്‍ശക വിസയില്‍ എത്തിയ ഇവരില്‍ ഭൂരിഭാഗവും ഹിന്ദു, സിഖ് വിഭാഗത്തില്‍ പെട്ടവരാണ്.
അട്ടാരി- വാഗാ അതിര്‍ത്തി കടന്നാണ് ഇവര്‍ ഇന്ത്യയിലേക്കെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ്- കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്ക് ഇത്തരത്തില്‍ എത്തുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇവരില്‍ പലരും പാക്കിസ്ഥാനിലേക്ക് തിരിച്ച് പോകാന്‍ താത്പ്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗമായതിനാല്‍ പാക്കിസ്ഥാനില്‍ തങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവും ഇല്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോകാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്മക്കള് കഴിയുന്നത്. പരാതി നല്കിയാല് പോലും പോലീസുകാരില്‍ നിന്നും ഒരു നടപടിയുണ്ടാകില്ലെന്നും ഇന്ത്യയിലേക്കെത്തിയ പാക് ഹിന്ദു സമൂഹം കുറ്റപ്പെടുത്തി.
പാക്കിസ്ഥാന് വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാക്കിസ്ഥാനില്‍ പതിവാണ്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം അതിര്‍ത്തി കടന്നെത്തുന്ന കുടുംബങ്ങളെ ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ചിന്ദര്‍ സിങ് സിര്‍സ സ്വീകരിക്കാനെത്തിയിരുന്നു. പാകിസ്താനില്‍ നിന്നെത്തിയ നാലുകുടുംബങ്ങളെയാണ് ഇദ്ദേഹം സ്വീകരിച്ചത്. മതപരമായ പീഡനങ്ങളാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇവര്‍ ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയതാണ്. ഇവര്‍ക്ക് പൗരത്വം ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട് സംസാരിക്കുമെന്നും സിര്‍സ അറിയിച്ചു.
















