കൊച്ചി: റോഡുകളുടെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ ഹൈക്കോടതി. കേരളത്തില്‍ നല്ല റോഡുകള്‍ ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് കോടതി വിമര്‍ശിച്ചു. നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാത്രി കാലങ്ങളില്‍ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സര്‍ക്കാര്‍ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാന്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. എല്ലാ വര്‍ഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം പലര്‍ക്കും കിട്ടുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്‌ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികള്‍ ആക്കുന്നതില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്. നഗരത്തിലെ ആറ് പ്രധാനറോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്തുപറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്.
കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണിത്.
















