തൃശൂര്‍: കൊറോണ വൈറസ് ബാധയെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് നേരിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി . തൃശൂര്‍ ജില്ലയില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
സ്വകാര്യ ആശുപത്രികളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുമെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ കൂട്ടായ്‌മകളില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതേസമയം, കൊറോണ ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എങ്ങനെയാണ് രോഗം പകരുന്നത്, എങ്ങനെ ജാഗ്രത പാലിക്കണം തുടങ്ങിയ കൃത്യമായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകുന്ന മാധ്യമങ്ങളെയോ സർക്കാരിനെയോ ഡോക്ടർമാരെയോ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. പൊതുജനങ്ങളുടെ സംശയവും ആശങ്കയും പരിഹരിക്കാൻ കോൾ സെന്റർ തയാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ 0471-2552056 എന്ന നമ്പരിലോ 1056 എന്ന ‘ദിശ’ നമ്പരിലോ ബന്ധപ്പെടാം.
രോഗ ബാധിതയായ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശദമായ വിവരങ്ങൾ ഇന്ന് വൈകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഐസൊലേഷൻ വാർഡിൽ അഞ്ച് ഡോക്ടർമാർ ഉൾപ്പടെ 30 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലയിൽ ആകെ പതിനൊന്ന് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചൈനയിൽ നിന്നും വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാവരുത്. വന്നവരെല്ലാം രാഗവാഹകരല്ല. അവരെ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികളുണ്ടാവണം. പൊതുജനങ്ങൾ തന്നെ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരോട് ആശുപത്രികളിൽ പോകാനും ചികിത്സ സ്വീകരിക്കാനും പറയണം. അത് ഒറ്റപ്പെടുത്തുന്ന തരത്തിലാകരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
















