തിരുവനന്തപുരം: പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഏഴ് പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി പൂന വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പൂനെ എന്‍.ഐ.വിയില്‍ പരിശോധനയ്‌ക്ക് അയച്ച സാമ്പിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു.]

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗം ചേര്‍ന്നിരുന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.
കൊറോണ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാര്‍ത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. അതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്‌ക്കാനും യോഗം തീരുമാനിച്ചു.
ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍ എന്നിവ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
















