കോട്ടയം: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആഗോള ടൂറിസം രംഗത്ത് കനത്ത ആഘാതമുണ്ടാക്കുമെന്ന് ആശങ്ക. ചൈനയ്ക്കു ശേഷം ഇരുപതിലധികം രാജ്യങ്ങളില്‍ ഈ രോഗമെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്‍കിയതോടെ ചൈനീസ് ടൂറിസം തകര്‍ന്നടിയുമെന്നാണ് സൂചന.
അതേസമയം, ചൈന ഒഴിവാക്കുന്ന സഞ്ചാരികള്‍ ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 137 മില്യന്‍ സഞ്ചാരികളാണ് ചൈനയിലെത്തിയത്. ആഗോള ടൂറിസം മേഖലയില്‍ ചൈനയുടെ വിഹിതം 8.6 ശതമാനമാണ്. അതേസമയം, ഇന്ത്യയുടെ വിഹിതം 1.8 ശതമാനവും. ഇത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ശതമാനമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കൊറോണ രോഗബാധ ടൂറിസം മേഖലയെ എങ്ങനെയൊക്കെയാകും ബാധിക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതേസമയം, നിലവില്‍ ചൈനയിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ ട്രാവല്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ പറയുന്നു. എന്നാല്‍, ചൈനയില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് പൂര്‍ണമായി നിലയ്ക്കും.
പുതുവര്‍ഷത്തില്‍ കേരളത്തില്‍ അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ ബുക്ക് ചെയ്ത വിനോദ സഞ്ചാരികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്നും അവര്‍ യാത്ര നീട്ടി വച്ചിട്ടില്ലെന്നും കുമരകത്തെ ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയത് വിദേശത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: