തൃശ്ശൂര്‍: കൊറോണ വൈറസ് സ്ഥിരീകിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റിയത്.
വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിയുന്നത്ര മാസ്‌കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൊറോണ വൈറസ് ബാധിച്ച രോഗികളെ കിടത്താനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അണുവിമുക്ത മുറികളൊരുക്കി കഴിഞ്ഞു. ആശുപത്രിയിലെ 20 പേ വാര്‍ഡ് മുറികളാണ് കൊറോണയ്‌ക്കായി ഒരുക്കിയത്. വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്. കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘവും ഒരുങ്ങിയിട്ടുണ്ട്. ചികിത്സയിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.
കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിനായി പ്രത്യേക പരിശീലനം നല്‍കും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നുണ്ട്. കൂടാതെ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ക്കും മറ്റുമായി ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
















