ആലപ്പുഴ: സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പിഎസ്സി പരീക്ഷ നടത്തുന്നതിനെ ന്യായീകരിച്ച് അധികൃതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇവിടെ നടത്തിയത് ഇരുപത്തഞ്ചോളം പരീക്ഷകള്‍. എസ്എഫ്ഐക്കാര്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സിപിഎം നേതാവിന്റെ സ്കൂളില്‍ നടത്തിയ പരീക്ഷകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നു.
ഫെബ്രുവരി ഒന്നിനുള്ള പിഎസ്സിയുടെ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പരീക്ഷ നടത്തിപ്പ് വിവാദമായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, 2018 മുതല്‍ 25 തവണ ഈ സ്കൂളില്‍ പരീക്ഷ നടത്തിയിട്ടുണ്ടെന്നും അവിടെ നിന്ന് മോശമായ എന്തെങ്കിലും പ്രതികരണമുണ്ടായതായി ഉദ്യോഗസ്ഥരില്‍നിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണയും പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തതെന്നുമാണ് പിഎസ്സി ജില്ലാ ഓഫീസര്‍ പറയുന്നത്. പരീക്ഷ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ഇപ്പോള്‍ പ്രത്യേകമായി പരിശോധന നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ എണ്ണം കുറവുള്ള പരീക്ഷകള്‍ നടത്തുമ്പോള്‍ ജില്ലാ കേന്ദ്രത്തിനോട് അടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നിലവിലുള്ള രീതി. അതനുസരിച്ചാണ് ഈ സ്കൂള്‍ തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ആലപ്പുഴ നഗരത്തില്‍ നിരവധി സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളുമുണ്ടായിട്ടും, കൗണ്‍സിലറുടെ അണ്‍എയ്ഡഡ് സ്കൂള്‍ തുടര്‍ച്ചയായി പരീക്ഷാ കേന്ദ്രമാക്കുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല. പരീക്ഷാര്ത്ഥികള്ക്കെത്താന് മതിയായ വാഹന സൗകര്യം പോലുമില്ലാത്ത സ്കൂളാണിത്. മാത്രമല്ല നിരവധി വീടുകളും സ്കൂളിനോട് ചേര്‍ന്നുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള പ്രദേശമാണിത്. ഈ സാഹചര്യത്തിലാണ് പരീക്ഷ ഇവിടെ നടക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപമുയരുന്നത്.
നേരത്തെ ഇന്വിജിലേറ്റര്മാരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് മൊബൈലും സ്മാര്‍ട് വാച്ചുമെല്ലാം പരീക്ഷാഹാളില്‍ യഥേഷ്ടം ഉപയോഗിച്ചാണ് എസ്എഫ്ഐ നേതാക്കളായിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയത്. തട്ടിപ്പ് നടത്തിയ എസ്എഫ്ഐക്കാര്‍ സിവില്‍ പോലീസ് ഓഫീസറുടെ റാങ്ക് പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: