കണ്ണൂര്‍: കേരള ബാങ്കിന് അനുമതി ലഭിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത് കള്ളക്കണക്കെന്ന് റിപ്പോര്‍ട്ട്. വ്യാജ കണക്ക് സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടി വിവാദമായി. കള്ളക്കണക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ആണ് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്. 2019 മാര്‍ച്ച് വരെ സംസ്ഥാന സഹകരണ ബാങ്കിലും 11 ജില്ലാ സഹകരണ ബാങ്കിലും സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലെ പൊരുത്തക്കേടുകള്‍ നിരത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാങ്കുകള്‍ക്ക് ഒന്‍പതു ശതമാനം മൂലധന പര്യാപ്തത ഉറപ്പുവരുത്തണമെന്നതായിരുന്നു കേരളാ ബാങ്കിന് അനുമതി നല്കാന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പ്രധാന വ്യവസ്ഥകളിലൊന്ന്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ തിരുവനന്തപുരം, പത്തനംതിട്ട ബാങ്കുകളിലൊഴികെ മറ്റ് 13 ബാങ്കുകള്‍ക്കും മൂലധനം ഒന്‍പതു ശതമാനം മുകളിലുണ്ടെന്നാണ് കാണിച്ചിരുന്നത്. എന്നാല്‍, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളില്‍ ഒന്‍പതു ശതമാനം മൂലധന പര്യാപ്തത ഇല്ലെന്ന് കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്.
പല ജില്ലകളുടെയും മൂലധന പര്യാപ്തത പെരുപ്പിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്‍പതു ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ചത് നിഷ്ക്രിയ ആസ്തിയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കാന്‍ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരള ബാങ്കിനുള്ള അന്തിമാനുമതിക്കായി മാര്‍ച്ച് 31ന് മുമ്പ് അപേക്ഷ നല്‍കാനാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. വ്യാജ കണക്കുകള്‍ കാണിച്ച് തിരക്കിട്ട് ബാങ്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: