വികസനവും വളര്‍ച്ചാ നിരക്കും
വ്യാവസായിക-കാര്‍ഷിക-തൊഴില്‍-കയറ്റുമതി മേഖലകള്‍ അടിസ്ഥാനപരമായി കെട്ടുറപ്പുള്ളതാണെങ്കിലും ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കും, ഉയര്‍ന്ന പണപ്പെരുപ്പവും, വിലവര്‍ദ്ധനയും, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നു. ശക്തമായ ഒരു ഭാരതം കെട്ടിപ്പടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ആറുവര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളില്‍ നടപ്പിലാക്കാന്‍ സാധിച്ച പരിഷ്കാരങ്ങളില്‍ സാമ്പത്തിക രംഗവും, ബാങ്കിങ് മേഖലയും ചെറുകിട വ്യവസായവും ശാസ്ത്ര സാങ്കേതിക ബഹിരാകാശ മേഖലയും, സാമൂഹ്യ സേവന മേഖലയും മെച്ചപ്പെട്ടു എന്നതില്‍ വിമര്‍ശകര്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകാന്‍ തരമില്ല. സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായി രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റിലും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കാര്‍ഷിക-വ്യവസായ-തൊഴില്‍ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുതകുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളായിരിക്കും.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, വ്യവസായിക വളര്‍ച്ചാ ത്വരിതപ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ബാങ്കിങ് മേഖലയുടെ കിട്ടാക്കടം കുറച്ചും, ബാങ്ക് ലയനം ശക്തമാക്കിയും തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചും, സേവനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും അവയെ ശക്തിപ്പെടുത്തുക എന്നിവയായിരിക്കും ബജറ്റിലെ ഊന്നല്‍. ഭാരതത്തെ 2025ല്‍ അഞ്ച് ദശലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള നിര്‍ദ്ദേശങ്ങളായിരിക്കും നിര്‍മ്മലാ സീതാരാമന് കൂടുതലായി തന്റെ രണ്ടാമത്തെ ബജറ്റില്‍ പരിഗണിക്കുക. ആഭ്യന്തര വരുമാന വര്‍ദ്ധനവിലൂടെയും, മെച്ചപ്പെട്ട ”ഇന്ത്യയില്‍ വ്യവസായം ചെയ്യാനുള്ള എളുപ്പം” എന്ന ആഗോള റാങ്കിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും നിര്ദ്ദേശമുണ്ടായേക്കാം.
രാജ്യരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഒരുപോലെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. പട്ടിണിയും, തൊഴിലില്ലായ്മയും പൂര്‍ണതോതില്‍ ഇല്ലാതാക്കി സാമ്പത്തിക രംഗത്തെ നിര്‍ണായക ശക്തിയായി ഭാരതം വളരണമെങ്കില്‍ പ്രതിവര്‍ഷം പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ കരുത്ത് കൈവരിക്കാനും വളര്‍ച്ചാ നിര്ക്കില് വര്ദ്ധനവുണ്ടായേ മതിയാകൂ. ഭാരതത്തിന്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ അതിന് അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വര്‍ദ്ധിച്ച വ്യവസായ വളര്‍ച്ച
ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ച് വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് 2014 ല്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടുതല്‍ വിദേശ നിക്ഷേ
പം വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക, അതുവഴി സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും വ്യവസായത്തിനായി പ്രയോജനപ്പെടുത്തുക, ഈ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രയോജനം ഈ പദ്ധതിയിലൂടെ വ്യവസായ വളര്‍ച്ചയ്ക്ക് ലഭിച്ചില്ല എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മലാ സീതാരാമന് തന്റെ രണ്ടാമത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. വളരെയേറെ പ്രതീക്ഷയോടെ നടപ്പിലാക്കിയ ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചേക്കും എന്നു വേണം കരുതാന്‍. Ease of Doing Business ഇന്ത്യയുടെ കുതിപ്പ് വ്യവസായ വളര്‍ച്ചാ വര്‍ദ്ധനവിന് ആവശ്യമായ ഇന്ധനമായി മാറ്റാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കുന്നതാണ്.
ഉയര്‍ന്ന ഉത്പാദനവും, വര്‍ദ്ധിച്ച കയറ്റുമതിയുമാണ് സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗം. കയറ്റുമതിയുടെ പ്രോത്സാഹനം, ഇന്ത്യന്‍ വസ്തുക്കളുടെ ആഭ്യന്തര ഉത്പാദനത്തിലും, ഉപഭോഗത്തിലുമുള്ള വര്‍ദ്ധന, മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉത്പാദനവും വിതരണവും എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ധനക്കമ്മിയും പണപ്പെരുപ്പവും പ്രതിസന്ധി ഘട്ടത്തിലും നിയന്ത്രിച്ച് നിര്‍ത്താന്‍ മോദി സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ക്ക് സാധിച്ചുവെന്നത് ശ്ലാഘനീയമാണ്. Balance of Payment Current Account Deficit എന്നിവ കര്‍ശനമായി നിയന്ത്രിച്ച് മുന്നോട്ട് പോകാന്‍ സാധിച്ചത് ഏറെ ആശ്വാസപ്രദമാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും റിസര്‍വ് ബാങ്കിന്റെ കൈയിലെ കരുതല്‍ ശേഖരം കേന്ദ്രസര്‍ക്കാരിലേക്ക് മാറ്റിയത് സഹായകരമായി എന്നാണ് വിലയിരുത്തുന്നത്.
സബ്സിഡികളും സൗജന്യങ്ങളും നിയന്ത്രിച്ച്, മഹാത്മാഗന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, സര്‍വശിക്ഷാ അഭിയാന് തുടങ്ങിയ ഉത്പാദനക്ഷമതയെയും മൂല്യവര്‍ദ്ധനയെയും സഹായിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയാല്‍ വര്‍ദ്ധിച്ച വളര്‍ച്ചാനിരക്കോടെ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. അത്തരം ജനപ്രിയവും വികസനോന്മുഖവുമായ പദ്ധതി നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ കൂടുതലായും പ്രതീക്ഷിക്കുന്നത്.
മനുഷ്യമൂലധനത്തിന്റെ ആഗോളകേന്ദ്രം
മനുഷ്യമൂലധനത്തിന്റെ ആഗോള കേന്ദ്രമായി മാറുന്ന ഭാരതത്തിലെ വിദ്യാസമ്പന്നരും, വിവിധ കഴിവുകളുടെ ഉടമകളുമായ യുവാക്കളാണ് ഈ സവിശേഷ മൂലധനത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. ദശലക്ഷക്കണക്കിനുള്ള യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് രണ്ടാം മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ ലക്ഷ്യം വെച്ചാണ് 2020 ഓടെ രാജ്യത്ത് രണ്ടര ദശലക്ഷം തൊഴിലവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി നേടിയെടുക്കാന്‍ സ്റ്റാര്‍ട്ടപ്പ് ആന്റ് സ്റ്റാന്‍ഡപ്പ് ഇന്ത്യ എന്ന പദ്ധതി 2016ല്‍ രാജ്യത്ത് തുടക്കം കുറിച്ചത്. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിക്കാനിടയുണ്ട്.
ഭാരതത്തിന്റെ ക്രിയാശേഷി ( Productive Potential) യാണ് 2020ല്‍ രാജ്യത്തിന്റെ ഉത്പാദന ശേഷിയെയും ഉയര്‍ന്ന വളര്ച്ചാനിരക്കിനെും സ്വാധീനിക്കുന്ന ഘടകം. പുതിയ കണ്ടു പിടുത്തങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും(Innovation) വഴിവെക്കുന്ന വിദ്യാഭ്യാസത്തില്‍ കൂടിവേണം അറിവും (Knowledge) കഴിവും (Skill) ക്രിയാത്മക സമീപനവും (Positive Atitude) പ്രദാനം ചെയ്ത് പുതിയ തലമുറയെ ഭാവി ഭാരതത്തിന്റെ വികസനത്തിനായി ഒരുക്കിയെടുക്കാന്‍. അത്തരം വിദ്യാഭ്യാസം ഒരേസമയം ശാസ്ത്രീയവും, മൂല്യാധിഷ്ഠിതവും, ഗവേഷണത്തില്‍ ഊന്നിയുള്ളതു മായിരിക്കണം. പുതിയ കാലത്തെ പരിഷ്കാരത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിശുദ്ധിയെയും തമ്മില്‍ വിളക്കി ചേര്‍ക്കണം. എങ്കിലെ വളര്‍ന്നു വരുന്ന തലമുറ ഭാവി വികസനത്തിന്റെ വക്താക്കളായി മാറുകയുള്ളു. നൂതന ആശയങ്ങളുടെയും സനാതന മൂല്യങ്ങളുടെയും സമ്മേളനമാണ് മനുഷ്യ നിര്‍മ്മിതിയുടെയും മനുഷ്യവിഭവ വികസനത്തിന്റെയും കരുത്ത്. ഈ ദിശയിലേയ്ക്കുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചേക്കുമെന്നുവേണം കരുതാന്‍.
ശക്തമായ നികുതി സമ്പ്രദായം
ആറു വര്‍ഷമായി എന്‍ഡിഎ ഒന്നും രണ്ടും സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നടപടികള്‍ നികുതി സമ്പ്രദായത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സഹസ്രകോടി രൂപയുടെ വര്ദ്ധനവാനണ് ഈ കാലയളവില്‍ നികുതി പിരിവില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ അത് ഒരു ചെറിയ ശതമാനം മദ്ധ്യവര്ഗ്ഗത്തിലെയും, നിത്യവരുമാനക്കാരുടെയും കൃത്യ ശമ്പളക്കാരുടെയും സംഭാവനയാണെന്നത് കാര്യക്ഷമമായ ഒരു നികുതി സമ്പ്രദായത്തിന്റെ സൂചനയല്ല നല്‍കുന്നത്. ആഭ്യന്തര വരുമാനത്തിന്റെ, ജിഡിപി, ഒരു ശതമാനം മാത്രമാണ് നമ്മുടെ നികുതി വരുമാനം എന്ന കണക്ക് ശുഭസൂചകമല്ല.
പന്ത്രണ്ട് ലക്ഷം കോടി രൂപയില്‍ താഴെ വരുന്ന വാര്‍ഷിക നികുതി വരുമാനത്തില്‍ പകുതിയിലേറെ മൂന്ന് കോടിയോളം വരുന്ന വ്യക്തിഗത നികുതിദായകരില്‍ നിന്നാണ് പിരിച്ചെടുക്കുന്നത്. ഏറെ വൈകിയാണ് ഒരു രാജ്യം ഒറ്റ നികുതി എന്ന ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പിലാക്കിയത്. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നടപ്പില്‍ വരുത്താന്‍ സാധിച്ച ഇതിന്റെ പ്രയോജനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ പങ്കിടുകയാണ്. വൈകി നടപ്പിലാക്കിയതിലെ പോരായ്മകള്‍ പരിഹരിച്ചും, പിഴവുകള്‍ തിരുത്തിയും പ്രോത്സാഹനം നല്‍കിയും ചരക്ക് സേവനനികുതിയുടെ പ്രതിമാസ ലക്ഷ്യമായ ഒന്നര ലക്ഷം കോടി രൂപ പിരിച്ചെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷ. നികുതി പിരിവിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
വര്‍ഷങ്ങളായി ഉയര്‍ന്ന് നില്ക്കുന്ന കോര്‍പറേറ്റ് നികുതി നിരക്കുകള്‍ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഒരു കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടിയ നികുതി നിരക്കാണ് ഭാരതത്തില്‍ നിലവിലുള്ളത് എന്നും വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതുക്കിയ കോര്‍പറേറ്റ് നികുതി ഘടന ഇന്ത്യയിലെ നികുതി നിരക്ക് യുഎസിനും ചൈനക്കുമൊപ്പവും, തായ്ലാന്റ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അടുത്തും എത്താന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് സാമ്പത്തിക രംഗത്ത് ഊര്‍ജ്ജം പകരാനും വിദേശ നിക്ഷേപകരെ വര്‍ദ്ധിച്ച തോതില്‍ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാനും ഇടയാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം കോടി രൂപയോളം വരുന്ന നികുതിയിളവ് വ്യവസായ രംഗത്തിന് ഉത്തേജനവും വളര്‍ച്ചാനിരക്ക് വര്‍ദ്ധനവിനും സഹായകരവുമായിരുന്നു.
ഒരുരാജ്യം ഒറ്റനികുതി എന്ന സങ്കല്പത്തില് നടപ്പിലാക്കിയ ചരക്ക് സേവനനികുതി വിമര്‍ശനങ്ങള്‍ക്കിടയിലും വന്‍ വിജയമാക്കി തീര്‍ക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കാനും input tax credit തിരിമറികളും തട്ടിപ്പുകളും അവസാനിപ്പിച്ച് പ്രതിമാസം ഒന്നര ലക്ഷം കോടിരൂപ പിരിച്ചെടുക്കാനുമുള്ള സത്വര നടപടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷ.
സാധാരണക്കാരുടെ ക്ഷേമം
സാധാരണക്കാര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും, തൊഴിലവസരങ്ങളും, വരുമാന മാര്‍ഗങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും നല്കാന് കാര്‍ഷിക-വ്യാവസായിക-നികുതി വരുമാന വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ശ്രമിക്കണം. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുകയും താഴെത്തട്ടിലെ ജനവിഭാഗങ്ങളുടെയും, യുവാക്കളുടെയും, കര്‍ഷകരുടെയും വരുമാനത്തിലും ജീവിത സാഹചര്യത്തിലും മാറ്റം വരുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഈ ദിശയിലേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ശക്തമായി നടപ്പിലാക്കുകയും ചെയ്യേണ്ടത് മാറി വരുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളില്‍ അത്യാവശ്യമാണ്.
ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് പരിസമാപിച്ചത്. എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുക, കാര്‍ഷികേതര മേഖലയില്‍ അമ്പത് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുക, മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക, അമ്പത് ശതമാനം ഗ്രാമീണ ജനങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുക, പ്രതിവര്‍ഷം ഒരു ദശലക്ഷം ഹെക്ടറില്‍ വനവല്‍ക്കരണം നടത്തുക, 90 ശതമാനം വീടുകളിലും ബാങ്കിങ് സേവനം ലഭ്യമാക്കുക എന്നിവയായിരുന്നു മുഖ്യനിര്‍ദ്ദേശങ്ങള്‍. സാധാരണക്കാരുടെ ക്ഷേമം ലാക്കാക്കിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ തന്റെ പ്രിയ ദേശവാസികളിലെത്തിക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞാബദ്ധനായിരുന്നു.
ഇതില്‍ ഏറിയ പങ്കും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിര്‍മ്മല സീതാരാമന്റെ ഒന്നാം ബജറ്റ് നിര്‍ദ്ദേശങ്ങള്‍. നീതി ആയോഗിന്റെ നിരവധി വികസന കാഴ്ചപ്പാടുകള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ അന്ന് ഇടം പിടിക്കുകയുണ്ടായി. പ്രവര്‍ത്തിക്കുന്ന (Perform) സര്‍ക്കാരിന്റെ പരിവര്‍ത്തനാത്മകമായ (Reform) പരിപാടികളായിരിക്കും ധനമന്ത്രി ഈ പ്രാവശ്യവും നടപ്പിലാക്കാന്‍ ശ്രമിക്കുക. കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലുകള്‍, കൂടുതല്‍ വികസന നടപടികള്‍ (Minimum Government, Maximum Governance) എന്നതാണ് സര്‍ക്കാര്‍ നയം. നൂറ്റിയമ്പതാം പിറന്നാളാഘോഷിക്കുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമങ്ങളുടെ വികസനത്തിനും, ഗ്രാമീണരുടെ ഉന്നമനത്തിനുമായുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ സാധ്യത.
അന്ത്യോദയത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രാമങ്ങള്‍ക്കും, ഗ്രാമീണ വീടുകള്‍ക്കും ശുചിമുറിയും, വൈദ്യുതിയും ഗ്യാസ് കണക്ഷനും, മറ്റു മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും തുടര്‍ന്നും നല്‍കാനുള്ള പരിപാടികള്‍ ബജറ്റില്‍ ഇടം പിടിക്കുന്നതാണ്. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുള്ള പാരിതോഷികമായിരിക്കും ഈ വര്‍ഷത്തെ നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. രാജ്യസുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റ് കാര്‍ഷിക വ്യവസായ വളര്‍ച്ചയിലൂടെ സുസ്ഥിരവും സര്‍വാശ്ലേഷിയുമായ വികസനമാണ് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളിന്റെ പശ്ചാത്തലത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസമായി മാറുന്ന മോദിസര്‍ക്കാരിന്റെ നവഭാരത നിര്‍മ്മിതിയിലേക്കുള്ളതാണ് ഈ കേന്ദ്ര ബജറ്റ്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അത്, സാധാരണക്കാര്‍ക്ക് നിരാശയ്ക്ക് ഇടം നല്‍കാതെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പിലെ മുന്‍ പ്രഫസറും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ HIL INDIA LIMITED മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: