ന്യൂദല്‍ഹി: താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നുണയനാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സ്ഥാനാര്‍ഥി സുനില്‍ യാദവിന്റെ പ്രചരാര്‍ത്ഥം ദല്‍ഹി മണ്ഡലത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാവോ കാറോ തനിക്ക് വേണ്ടെന്ന് പറഞ്ഞ കേജ്‌രിവാളിന് ഇപ്പോള്‍ ഇത് രണ്ടുമുണ്ട്. 56 വര്‍ഷത്തെ ജീവിതത്തില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നുണയനാണ് കേജ്‌രിവാളെന്ന് അമിത് ഷാ വിമര്‍ശിച്ചു.
വിദ്യാഭ്യാസ രംഗത്തെ കേജ്‌രിവാള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി ചേദ്യങ്ങള്‍ ഉന്നയിച്ചു. എഎപിയുടെ തെറ്റായ അവകാശവാദങ്ങള്‍ ബിജെപിയുടെ നിയമസഭാ അംഗങ്ങള്‍ തുറന്ന് കാട്ടിയപ്പോള്‍ കേജ്‌രിവാള്‍ പറഞ്ഞത് ബിജെപി തങ്ങളെ അവഹേളിക്കുന്നെന്നാണ്.
കേജ്‌രിവാളിന് സ്വയം ഇന്ദിരാ ഗാന്ധിയെന്ന തോന്നലുണ്ടായോ എന്നും അമിത് ഷാ പരിഹസിച്ചു. ഇന്ദിരാ ഗാന്ധി സ്വയം താനാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നും വിശ്വസിച്ചിരുന്നു. അതുപോലെ കേജ്‌രിവാളാണ് ദല്‍ഹിയെന്നും ദല്‍ഹി കേജ്‌രിവാളാണെന്നും അദ്ദേഹം ചിന്തിച്ചിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
അസമിനെ ഇന്ത്യയില്‍ നിന്ന് വെട്ടിമാറ്റണമെന്ന വിവാദ പരമര്‍ശത്തിന് അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാത്ത കേജ്‌രിവാളിന്റെ നടപടിയേയും അമിത് ഷാ വിമര്‍ശിച്ചു. 35 മണ്ഡലങ്ങളിലെ ജനങ്ങള്‍ മാറി ചിന്തിക്കുമ്പോള്‍ ദല്‍ഹിയിലെ സര്‍ക്കാരും മാറുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറുമെന്നും അമിത് ഷാ വ്യക്തമാക്കി.
കൃത്രിമ ലോക്പാല്‍ ബില്ല് കൊണ്ടു വന്നതിലൂടെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരയെ കേജ്‌രിവാള്‍ കബളിപ്പിച്ചെന്നും അമിത് ഷാ വിമര്‍ശിച്ചു.
















