ന്യൂദല്‍ഹി : 50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും ഇനിമുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപങ്ങള്‍ക്കായി 5000 മുതല്‍ 49500 വരെയുള്ള തുകകളായാണ് പോപ്പുലര്‍ ഫ്രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന കണ്ടെത്തലിലാണ് കേന്ദ്രം പുതിയ നടപടികള്‍ ആരംഭിച്ചത്.
സിഎഎയ്ക്കെതിരെ പ്രതിഷേധങ്ങള്‍ക്കായി 120 കോടിയാണ് പോപ്പുലര്‍ ഫ്രണ്ട് മുടക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. യുപിയില്‍ കലാപം ഉണ്ടാക്കുന്നതിനായി 78ഓളം ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ ഫണ്ട് യുപിയില്‍ ചെലവഴിച്ചിരിക്കുന്നത്. നിലവില്‍ 50000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ആരാണ് നടത്തുന്നതെന്ന് അറിയുന്നതിനുള്ള സംവിധാനം ബാങ്കുകളിലുണ്ട്.
ഇത്തരത്തില്‍ സംശയകരമായി തോന്നിയാല്‍ ബാങ്കുകള്‍ക്ക് നേരിട്ട് തന്നെ കേന്ദ്ര സര്‍ക്കാരിനേയും അറിയിക്കാന്‍ സാധിക്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപാടുകളില്‍ കൂടുതലും പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിനാല്‍ ഇടപാടുകാരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനും സാധിച്ചതായി എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നു. ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ ഒരിക്കലും പുറത്തുവരാത്ത രീതിയിലാണ് ഇവര്‍ തുക പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് 5000ല്‍ താഴെ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാകും.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിന് പണം നല്കിയ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നാണ്. കോഴിക്കോടുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശ്, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തുന്നതിനായാണ് പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച അന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ 5000 മുതല്‍ 49500 രൂപ വരെ വിവിധ തവണകളായി 120 കോടി എത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ച് തുക നിക്ഷേപിച്ചാല്‍ നിക്ഷേപകന്റെ വിവരങ്ങള്‍ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തില്‍ ചെറിയതുക നിക്ഷേപിച്ചത്.
















