ന്യൂദല്‍ഹി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം തീവ്രവാദിയെന്ന് ദല്‍ഹി പോലീസ്. ഷര്‍ജീലിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന ഉത്തരങ്ങളാണ് ഷര്‍ജീലില്‍ നിന്നു ലഭിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അസം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നു മുറിച്ച മാറ്റണമെന്ന് താന്‍ പ്രസംഗിച്ചിട്ടുണ്ടെന്നു വീഡിയോ വ്യാജമല്ലെന്നും പോലീസിനോടു ഷര്‍ജീല്‍ സമ്മതിച്ചു. ഷര്‍ജില്‍ അതി തീവ്രമായ മുസ്ലിം വിഘടന വാദം മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണെന്നും ചോദ്യം ചെയ്യലില്‍ നിന്നു മനസിലായതായി ദല്‍ഹി പോലീസ്. ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുകയാണ് ആത്യന്തികമായ തങ്ങളുടെ ലക്ഷ്യമെന്നു ചോദ്യം ചെയ്യലില്‍ ഷര്‍ജീല്‍ വ്യക്തമാക്കിയെന്നും പോലീസ് വൃത്തങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട്, ഇസ്ലാമിക് യൂത്ത് ഫെഡറേഷന്‍ പോലുള്ള തീവ്ര സംഘടനകളുമായി അടുത്ത ബന്ധമാണ് ഷര്‍ജീലിന് ഉള്ളതെന്നും പോലീസ്.
ബീഹാറിലെ ജഹാനാബാദില്‍ വച്ചാണ് ഷര്‍ജീല്‍ ഇമാമിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന ആഹ്വാനത്തെ തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത് ബിജെപി വക്താവ് സംബിത് പാത്രയാണ്. പൗരത്വ വിരുദ്ധ ആക്ടിവിസ്റ്റ് ഷാര്‍ജീല്‍ ഇമാമിനെ തേടി ദല്‍ഹിയില്‍ നിന്നും ബീഹാറില്‍ നിന്നും പോലീസ് സംഘം ജഹാനാബാദില്‍ നിന്ന് പട്‌നയിലേക്ക് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ്. മുന്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് അക്ബര്‍ ഇമാമിന്റെ മകനാണ് ഷര്‍ജീല്‍.
















