വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇസ്രയേല്‍-പലസ്തീന്‍ സമാധാന പദ്ധതിയെ തള്ളി പലസ്തീന്‍ രംഗത്ത്. പലസ്തീനെ ഒരു രാഷ്‌ട്രമായി രൂപീകരിക്കുകയെന്നതാണ് ട്രംപിന്റെ പദ്ധതിയില്‍. ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി തുടരും. പലസ്തീന് കിഴക്കന്‍ ജറുസലേമിനെ ഉള്‍പ്പെടുത്തി പുതിയ തലസ്ഥാനം കണ്ടെത്തുമെന്നും പദ്ധതിയില്‍ പറയുന്നു.
എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനം ഗൂഢാലോചയെന്നാണ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചത്. ജറുസലേമും തങ്ങളുടെ അവകാശങ്ങളും വില്‍ക്കാനുള്ളതല്ലെന്നും അതില്‍ വിലപേശലിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ സമാധാന പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീനില്‍ പ്രതിഷേധം ശക്തമാണ്.
പലസ്തീനുള്ള അവസാന അവസരമാണിതെന്നു പറഞ്ഞാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍, ജറുസലേമില്ലാത്ത പലസ്തീനെ അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതിനെതിരെ ആയിരം ‘നോ’ പറയുന്നു. ഈ പ്രഖ്യാപനത്തെ എതിര്‍ക്കുകയാണ്. തങ്ങളുടെ നിലപാട് ശരിയാണെന്നും ട്രംപിന്റെ നിര്‍ദേശങ്ങളെ എതിര്‍ത്തുകൊണ്ട് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
പലസ്തീന്റെ ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്ന പ്രഖ്യാപനമാണ് ട്രംപിന്റേതെന്നാണ് ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് ഇതിനോട് പ്രതികരിച്ചത്. ട്രംപിന്റെ സമാധാന പദ്ധതിയെ നൂറ്റാണ്ടിലെ ചരിത്രമെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ഈ അവസരം ഇസ്രയേല്‍ നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















