ന്യൂദല്‍ഹി: തലസ്ഥാനത്ത് ജാമിയ നഗറില്‍ പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ കലാപം അഴിച്ചുവിട്ട അക്രമികളില്‍ 70 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടു.സിസിടിവികളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ചിത്രങ്ങള്‍ ശേഖരിച്ചത്. ചിത്രത്തിലുള്ളവര്‍ കലാപത്തില്‍ സജീവമായി പങ്കെടുത്തതായി വ്യക്തമാക്കിയ പോലീസ് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു.
2019 ഡിസംബര്‍ 15ന് ജാമിയ നഗറിലും ന്യൂഫ്രണ്ട്‌സ് കോളനിയിലും നടന്ന അക്രമങ്ങളില്‍ അക്രമികള്‍ നൂറിലേറെ പൊതു, സ്വകാര്യ വാഹനങ്ങള്‍ തകര്‍ത്തു. അഞ്ചിലേറെ ബസുകള്‍ കത്തിച്ചു. അക്രമങ്ങളില്‍ പോലീസ് അടക്കം 300 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കലാപകാരികള്‍ സുരക്ഷാ സൈനികര്‍ക്കു നേരെ കല്ലുകളും ഗ്ലാസ് കുപ്പികളുമെറിഞ്ഞിരുന്നു. എട്ട് സംഭവങ്ങളിലായെടുത്ത പത്തു കേസുകളില്‍ 102 പേരെ അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ്എംഎല്‍എ ആസിഫ് മുഹമ്മദ്ഖാന്‍, ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി ചന്ദന്‍ കുമാര്‍, രാഷ്‌ട്രീയ നേതാവ് ആഷു ഖാന്‍ എന്നിവര്‍ അടക്കമുള്ളവരെ പോലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. കലാപകാരികളില്‍ നിന്ന് പിടിച്ചെടുത്ത സെല്‍ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
















