പാട്‌ന: മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറുമായി ഏറ്റുമുട്ടിയ ജെഡി(യു) വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ്മയേയും പാര്‍ട്ടി പുറത്താക്കി. പ്രശാന്തിന് വേണമെങ്കില്‍ പാര്‍ട്ടി വിടാമെന്ന് കഴിഞ്ഞ ദിവസം നിതീഷ് തുറന്നടിച്ചിരുന്നു. ഇതോടെ ഇനി നിതീഷ് വിരുദ്ധ പ്രസ്താവനകളുമായി ഇദ്ദേഹത്തിന് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് ഉറപ്പായിരുന്നു. ഇദ്ദേഹം രാജിവച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുറത്താക്കിയത്. നിതീഷിനെതിരെ നിരന്തരം വാക്ക്‌പോര് നടത്തുന്ന നേതാവാണ് പവന്‍ വര്‍മ്മയും.
ജെഡി(യു) ബിജെപിയുമായി സഖ്യം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുള്ളവരാണ് രണ്ടുപേരും. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കിയ മുന്‍ തെരഞ്ഞെടുപ്പ് തന്ത്ര വിദഗ്ധന്‍ കൂടിയായ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് മനസ്സാണ്. അല്‍പ്പകാലമായി രാഹുല്‍ അടക്കമുള്ളവരുമായി അടുത്ത ചങ്ങാത്തത്തിലാണ്. ബിജെപിയുമായി അടുപ്പംകാണിക്കുന്നുണ്ടെങ്കിലും നിതീഷിന്ബിജെപി ബന്ധത്തില്‍ ആശങ്കയുണ്ടെന്നും മറ്റും പറഞ്ഞു നടന്നയാളാണ് പവന്‍ വര്‍മ്മ. പ്രശാന്ത് കിഷോര്‍ എത്ര പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയാലും പ്രതികരിക്കാതെയിരിക്കുകയായിരുന്നു നിതീഷ്.
കഴിഞ്ഞ ദിവസവും തനിക്കെതിരെപ്രസ്താവന നടത്തിയതോടെയാണ്,പ്രശാന്ത് പാര്‍ട്ടി വിടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിതീഷ് തുറന്നടിച്ചത്. പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണമെന്നും നിതീഷ് പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞ പ്രകാരമാണ് പ്രശാന്തിനെ പാര്‍ട്ടിയിലെടുത്തത്. പക്ഷെ അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന പേരില്‍ മറ്റുപലര്‍ക്കുമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ ആം ആദ്മിക്കുവേണ്ടിയാണ് പ്രവര്‍ത്തനം. അദ്ദേഹത്തിന് പല പല ആഗ്രഹങ്ങള്‍ ഉണ്ടാകാം. അദ്ദേഹത്തിന് പാര്‍ട്ടിവിടാനുള്ള സ്വാതന്ത്ര്യവുമുണ്ട്, നിതീഷ് പറഞ്ഞു.
ഇതിന് മറുപടിയായി പ്രശാന്ത്, നിതീഷിനെ കള്ളനെന്ന് വിളിച്ചു. പോര് മുറുകിയ സാഹചര്യത്തിലാണ് പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കിയത്. 2018ല്‍ മാത്രം പാര്‍ട്ടിയിലെത്തിയ പ്രശാന്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുതിര്‍ന്ന നേതാവ് അജയ് അലോക് പറഞ്ഞു.
ആംആദ്മിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇയാള്‍ രാഹുലിനോടാണ് സംസാരിക്കുന്നത്, മമതക്കൊപ്പമാണ് ഇരിക്കുന്നത്. ഇയാളെ ആരു വിശ്വസിക്കും, അജയ് ചോദിച്ചു. കൊറോണ വൈറസിനെ പുറത്താക്കണമെന്നും അജയ് തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ നടപടി.
















